ജമ്മു കശ്മീരിലെ രജൗരിയില്‍ ഉണ്ടായ അസ്വഭാവിക മരണങ്ങള്‍ക്ക് പിന്നില്‍ വിഷപദാര്‍ഥമാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. പരിശോധയില്‍ തിരിച്ചറിയാന്‍ കഴിയാത്ത വിഷ പദാര്‍ഥത്തിന്റെ സാന്നിധ്യം കണ്ടെത്തിയെന്നും ഏത് തരത്തിലുള്ള വിഷവസ്തുവാണെന്ന് കണ്ടെത്താന്‍ അന്വേഷണം നടക്കുന്നുണ്ടെന്നും ജിതേന്ദ്ര സിംഗ് അറിയിച്ചു.
6 ആഴ്ചക്കിടെ 17 പേരാണ് രജൗരിയിലെ ബാധല്‍ ഗ്രാമത്തില്‍ അസ്വഭാവിക സാഹചര്യത്തില്‍ മരിച്ചത്. കടുത്ത പനി, തല ചുറ്റല്‍, ബോധക്ഷയം എന്നിവയാണ് രോഗ ലക്ഷണങ്ങളായി രോഗികള്‍ പറയുന്നത്. ചികിത്സയ്ക്ക് എത്തി ഏതാനും ദിവസങ്ങള്‍ കഴിയുമ്പോള്‍ ഇവര്‍ മരിക്കുകയാണ്. ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള കഴിഞ്ഞ ദിവസം ഗ്രാമം സന്ദര്‍ശിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള സംഘവും ഇവിടം സന്ദര്‍ശിച്ചിരുന്നു.
2024 ഡിസംബറില്‍ ഒരു കുടുംബത്തിലെ 7 പേര്‍ അസുഖ ബാധിതരായതോടെയാണ് സംഭവം ശ്രദ്ധിക്കപ്പെടുന്നത്. ഇതില്‍ 5 പേര്‍ മരിക്കുകയും ചെയ്തു. ഡിസംബര്‍ 12ന് മറ്റൊരു കുടുംബത്തിലെ 9 പേര്‍ക്കും അസുഖം ബാധിച്ചു. ഇതില്‍ 3 പേരാണ് മരണപ്പെട്ടത്. ഒരു മാസത്തിനുശേഷം 10 പേര്‍ക്ക് അസുഖം ബാധിച്ചതില്‍ 5 കുട്ടികള്‍ മരിച്ചു.