സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്ന സംസ്ഥാനമാകാന്‍ ഉത്തരാഖണ്ഡ്. ഇന്ന് മുതല്‍ ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് (യുസിസി) നിലവില്‍ വരും. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി യുസിസി പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്യും.
ഇനി മുതല്‍ വിവാഹം, വിവാഹമോചനം, സ്വത്തവകാശം, പിന്തുടര്‍ച്ചാവകാശം മുതലായവയില്‍ സംസ്ഥാനത്തെ എല്ലാവര്‍ക്കും ഏകീകൃത നിയമം ആയിരിക്കും. സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്നത് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഉത്തരാഖണ്ഡ് നിയമസഭ യുസിസി ബില്‍ പാസാക്കിയത്. കഴിഞ്ഞ വര്‍ഷം തന്നെ രാഷ്ട്രപതി ബില്ലിന് അനുമതി നല്‍കി. കഴിഞ്ഞ ബുധനാഴ്ച സര്‍ക്കാര്‍ ഇത് സംബന്ധിച്ച വിജ്ഞാപനമിറക്കി.
നാല് സെക്ഷനുകളിലായി 182 പേജാണ് ബില്ലിനുള്ളത്. ആദിവാസികളെയും ചില പ്രത്യേക സമുദായത്തെയും നിയമത്തിന്റെ പരിധിയില്‍ നിന്നും നിലവില്‍ ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്നവരും നിയമത്തിന്റെ പരിധിയില്‍ വരും. ഏത് മതാചാര പ്രകാരം വിവാഹം നടന്നാലും 60 ദിവസത്തിനകം യുസിസി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യമായ സ്വത്തവകാശം, ലിവിംഗ് ടുഗെദര്‍ ബന്ധത്തിലേര്‍പ്പെടുന്നവര്‍ക്കും രജിസ്ട്രേഷന്‍ നിര്‍ബന്ധം, എന്നിവയാണ് നിയമത്തിലെ പ്രധാന വ്യവസ്ഥകള്‍.
അതേസമയം യുസിസിക്കെതിരെ പ്രതിപക്ഷം ശക്തമായ എതിര്‍പ്പ് തുടരുകയാണ്. വര്‍ഗീയ വിഭജനമാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. യുസിസി നടപ്പാക്കുക അസാധ്യമാണെന്നും, മതാടിസ്ഥാനത്തില്‍ ആളുകളെ വിഭജിക്കുകയാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. നാളെ പ്രധാനമന്ത്രി സംസ്ഥാനത്തെത്താനിരിക്കെയാണ് നടപടികള്‍ ഇന്ന് പൂര്‍ത്തിയാക്കുന്നത്.