ബഹിരാകാശ രംഗത്ത് പുതു ചരിത്രമെഴുതി ഐഎസ്ആര്‍ഒ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നടന്ന ഐഎസ്ആര്‍ഒയുടെ നൂറാം വിക്ഷേപണം വിജയകരമായി. ഇന്ന് രാവിലെ 6.23ന് രണ്ടാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്ന് കുതിച്ചുയര്‍ന്ന ജിഎസ്എല്‍വി-എഫ്15 റോക്കറ്റ് രണ്ടാംതലമുറ ഗതിനിര്‍ണായ ഉപഗ്രഹമായ എന്‍വിഎസ്-2 വിജയകരമായി ഭ്രമണപഥത്തില്‍ വിന്യസിച്ചു.
വിക്ഷേപണം നടന്ന് 19 മിനുട്ടില്‍ ഉപഗ്രഹത്തെ നിര്‍ണായക ഭ്രമണപഥത്തിലെത്തിച്ചു. 2,250 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ 322.93 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിക്കുകയായിരുന്നു ലക്ഷ്യം. ജിപിഎസിനു സമാനമായി സ്റ്റാന്‍ഡേഡ് പൊസിഷന്‍ സര്‍വീസ് സേവനം ലഭ്യമാക്കുന്നത് നാവിക് ആണ്.
ഇന്ത്യയുടെ സ്വന്തം നാവിഗേഷന്‍ സംവിധാനമായ നാവിക് ശൃംഖലയുടെ ഭാഗമാണ് എന്‍വിഎസ്-02 സാറ്റ്ലൈറ്റ്. മലയാളിയായ തോമസ് കുര്യനായിരുന്നു GSLV-F15/NVS-02 മിഷന്‍ ഡയറക്ടര്‍. ഐ എസ് ആര്‍ ഒ ചെയര്‍മാനായി വി നാരായണന്‍ ചുമതലയേറ്റതിന് ശേഷമുളള ആദ്യ വിക്ഷേപണം കൂടിയാണിത്.
1979ലാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ഇസ്രൊ ആദ്യ വിക്ഷേപണം നടത്തിയത്. അന്നത്തെ കന്നി ദൗത്യ സ്വപ്നങ്ങള്‍ 317-ാം സെക്കന്‍ഡില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ അസ്തമിച്ചു. എന്നാല്‍ പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് കുതിച്ച ഐഎസ്ആര്‍ഒ നാല് വീതം എസ്എല്‍വി-3, എഎസ്എല്‍വി വിക്ഷേപണങ്ങളും, 62 പിഎസ്എല്‍വി വിക്ഷേപണങ്ങളും, 17 ജിഎസ്എല്‍വി വിക്ഷേപണങ്ങളും (ഇന്നത്തേത് ഉള്‍പ്പടെ), ഏഴ് എല്‍വിഎം-3 വിക്ഷേപണങ്ങളും, മൂന്ന് എസ്എസ്എല്‍വി വിക്ഷേപണങ്ങളും, ഓരോ ആര്‍എല്‍വി ഹെക്‌സ്, ടെസ്റ്റ് വെഹിക്കിള്‍ (ടിവി ഡി1), പാറ്റ് വിക്ഷേപണങ്ങളും ശ്രീഹരിക്കോട്ടയില്‍ നടത്തി വിജയഗാഥ രചിച്ചു.