ബിസിനസ് പാര്‍ട്ണര്‍ ചതിച്ചതിന്റെ പക തീര്‍ക്കാന്‍ അയാളുടെ മക്കളെ വക വരുത്തി വയോധികന്‍. ജോധ്പൂറിലെ ബോറനടയിലാണ് സംഭവം. 70 വയസുകാരനായ ശ്യാം സിംഗ് ഭാട്ടി കുട്ടികളെ സ്‌കൂളില്‍ നിന്ന് വിളിച്ചിറക്കി സ്വന്തം വീട്ടിലേക്ക് കൊണ്ടു പോകുകയായിരുന്നു. വീട്ടില്‍ വച്ച് കൊലപ്പെടുത്തി മൃതദേഹങ്ങള്‍ കെട്ടിത്തൂക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
തമന്ന എന്ന തന്നു (12), ശിവ്പാല്‍ (8) എന്നീ കുട്ടികളെയാണ് പ്രതി കൊലപ്പെടുത്തിയത്. കുട്ടികളെ കാണാതായതായി വീട്ടുകാര്‍ പരാതിപ്പെട്ട് രണ്ട് ദിവസത്തിന് ശേഷമാണ് കുട്ടികളുടെ മൃതദേഹം കണ്ടെടുത്തത്. കുട്ടികളുടെ മൃതദേഹത്തിനടുത്തു നിന്ന് ഒരു കുറിപ്പും പൊലീസ് കണ്ടെടുത്തു. 'വഞ്ചന' യാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കത്തിലുണ്ടെന്നും പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച സ്‌കൂളിലേക്ക് പോയ കുട്ടികള്‍ തിരിച്ചു വരാതിരുന്നതിനെത്തുടര്‍ന്ന് വീട്ടുകാര്‍ ബോറനട പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
പ്രതിയായ ശ്യാം സിംഗ് ഭാട്ടി ഒമ്പത് മാസം മുമ്പ് കുട്ടികളുടെ അച്ഛന്‍ പ്രദീപ് ദേവസായിയുമായുമൊത്ത് വളകള്‍ നിര്‍മിക്കുന്ന ഒരു ഫാക്ടറി ആരംഭിച്ചിരുന്നതായി ഡിസിപി രാജര്‍ഷി രാജ് വര്‍മ പറഞ്ഞു. എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് പ്രദീപ് ഈ കൂട്ടുകെട്ട് ഉപേക്ഷിക്കുകയായിരുന്നു. ഏകദേശം 20 വര്‍ഷമായി പരസ്പരം അറിയാമായിരുന്ന സുഹൃത്തുക്കളാണ് ഇവരെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
പ്രതി ഒളിവിലാണെന്നും ഇയാളെ പിടികൂടാന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. രണ്ട് ദിവസം മുമ്പ് കുട്ടികളെ സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് വിടാനെന്ന വ്യാജേനയാണ് പ്രതി കൂട്ടിക്കൊണ്ടുപോയതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.