CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 32 Minutes 12 Seconds Ago
Breaking Now

ഏഴാമത് വാത്സിഗാം സീറോ മലാബാർ തീർത്ഥാടനം ജൂലൈ 21 ന് ഒരുക്കങ്ങൾ പൂർത്തിയായി

യു.കെ യിലെ ഏറ്റവും വലിയ സീറോ മലബാർ തീർത്ഥാടനമായ വാത്സിഗാം സീറോ മലബാർ തീർത്ഥാടനത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി പ്രസുദേന്തിമാരായ ബെഡ്ഫോർഡ് കേരളാ ക്രിസ്ത്യൻ കമ്മ്യൂണിറ്റി അറിയിച്ചു. 

കഴിഞ്ഞ കുറെ ദിവസങ്ങളായി ബെഡ്ഫോർഡിലുള്ള ഓരോ കുടുംബങ്ങളും തീർത്ഥാടനത്തിനായുള്ള ഒരുക്കങ്ങളിലായിരുന്നു. തീർത്ഥാടനത്തിനുള്ള കത്തിച്ച മെഴുകുതിരി ഓരോ കുടുംബങ്ങളിലും കത്തിച്ചു വച്ച് പ്രാർത്ഥനകളും ജപമാലയും നടന്നു വരുന്നു. തീർത്ഥാടന വിജയത്തിനായി ഫാ. മാത്യു വാങ്ങാലകുന്നേലച്ചന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒക്ടോബർ 29-ന് ബെഡ്ഫോർഡിൽ വെച്ച് ഏഴ് തീർത്ഥാടന കമ്മിറ്റികൾ രൂപികരിക്കുകയുണ്ടായി. അതിനേ തുടർന്ന് ഓരോ കമ്മിറ്റി അംഗങ്ങളും തീർത്ഥാടന വിജയത്തിനായി പ്രായത്നിച്ച് പ്രവർത്തിക്കുകയായിരുന്നു. ഈ വർഷം ബെഡ്ഫോർഡിലുള്ള കെംപ്സ്റ്റണിൽ നിന്നും ഞായറാഴ്ച്ച രാവിലെ കൃത്യം 8 മണിക്ക് രണ്ടു കോച്ചുകൾ പുറപ്പെടുന്നതായിരിക്കും. ബെഡ്ഫോർഡ് കേരള ക്രിസ്ത്യൻ കമ്മ്യൂണിറ്റിയുടെ ബാഡ്ജും ധരിച്ചാവും ഓരോ വിശ്വാസിയും തീർത്ഥാടനത്തിൽ പങ്കെടുക്കുക.

കോതമംഗലം രൂപതയുടെ അഭിവന്ദ്യ മെത്രാൻ മാർ ജോർജ് പുന്നക്കോട്ടിൽ പിതാവ് മുഖ്യ കാർമ്മികനായുള്ള അനുഗ്രഹീയ സാന്നിദ്ധ്യം തീർത്ഥാടനത്തിന് ആത്മീയ ശോഭ പകരും. ഞായറാഴ് ച്ച രാവിലെ കൃത്യം 11 മണിക്ക് തന്നെ ഫ്രൈഡേ മാർക്കറ്റിൽ നിന്നുള്ള എല്ലാ ഗതാഗതവും നിർത്തി വെയ്ക്കും. അതിനാൽ വാഹനങ്ങളിൽ വരുന്നവർ ഫ്രൈഡേ മാർക്കറ്റിൽ ആളെ ഇറക്കിയതിനു ശേഷം പിന്നിലുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്. തുടർന്ന് പ്രദക്ഷിണം സ്ലിപ്പർ ചാപ്പലിൽ എത്തിയതിനുശേഷം സ്ലിപ്പർ ചാപ്പലിനടുത്തുള്ള പാർക്കിംഗിൽ കൊണ്ടു വന്നു പാർക്ക് ചെയ്യാവുന്നതാണ്.

കൃത്യം 12 മണിക്കു തന്നെ ഫ്രൈഡേ മാർക്കറ്റിലുള്ള അനൗണ്‍സിയേഷൻ ചാപ്പലിൽ നിന്നും പ്രാരംഭ പ്രാർത്ഥനകളോടെ ആരംഭിക്കും. പരിശുദ്ധ ദൈവമാതാവിന്റെ തിരു സ്വരൂപമേന്തി വാദ്യ മേളങ്ങളുടെയും വർണ്ണാഭമായ മുത്തുക്കുടകളുടെയും അകമ്പടിയോടെ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമായ മാർപാപ്പയുടെ ' ചേപ്പൽ' പതാകയുമേന്തിയാണ് ഓരോ വിശ്വാസിയും നടന്നു നീങ്ങുക. തുടർന്ന് 1.15 ന് പ്രദക്ഷിണം സ്ലിപ്പർ ചാപ്പലിൽ എത്തിചേർന്നതിനു ശേഷം ലുത്തീനിയ, പിതാവിന്റെ സന്ദേശം, കുട്ടികൾക്കുള്ള അടിമ വെയ്ക്കൽ ശുശ്രൂഷ തുടർന്ന് ഭക്ഷണത്തിനുള്ള ഇടവേള. കൃത്യം 2.45 ന് അഭിവന്ദ്യ മാർ ജോർജ് പുന്നക്കോട്ടിൽ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ തിരുനാൾ സമൂഹബലി നടത്തപ്പെടും. സമാപനത്തോടനുബന്ധിച്ച് അടുത്ത വർഷത്തേക്കുള്ള പ്രസുദേന്തിമാരെ വാഴിച്ച് തീർത്ഥാടനത്തിനുള്ള തിരി കൈമാറും.

വാത്സിഗാം പുണ്യ കേന്ദ്രത്തിന്റെ ചരിത്രം അന്നേ ദിവസം പാടുന്നതിനും ചൊല്ലാനുള്ളതുമായ പാട്ടുകളും പ്രാർത്ഥനകളും മറ്റും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പുസ്തകം വിതരണത്തിനു തയ്യാറായി എത്തിച്ചേർന്നിട്ടുണ്ട്. അടിമ വെയ്ക്കൽ ശുശ്രൂഷക്കുള്ള കൂപ്പണ്‍ തീർത്ഥാടന സ്ഥലത്തുനിന്നു തന്നെ വാങ്ങാവുന്നതാണ്. കുട്ടികളെ അടിമ വെയ്ക്കുന്നതിനും, കുമ്പസാരത്തിനും പ്രത്യേക നിയോഗങ്ങൾക്ക് പ്രാർത്ഥിക്കുന്നതിനും, വാഹന പാർക്കിംഗുകൾക്കും മറ്റും സൗകര്യം പൂർത്തിയായി. 

ബെഡ്ഫോർഡ് കേരളാ ക്രിസ്‌ത്യൻ കമ്മ്യൂണിറ്റിയുടെ തന്നെ ക്വയർ ടീം നയിക്കുന്ന അതിമനോഹരങ്ങളായ മരിയ സ്തുതിഗീതങ്ങളടങ്ങുന്ന ഗാനശുശ്രൂഷ തീർത്ഥാടനത്തിന് മാറ്റ് കൂട്ടും. കൂടാതെ തീർത്ഥാടകർക്ക് സ്വാദിഷ്ടമായ നാടൻ ഭക്ഷണം ലഭ്യമാകുന്ന രണ്ടു ഭക്ഷണ സ്റ്റാളുകൾ തീർത്ഥാടനസ്ഥലത്തു  തന്നെ ഒരുക്കിയിട്ടുണ്ട്. സ്വീഡൻ സ്റ്റാർസ് ഗ്രൂപ്പിന്റെ ചെണ്ട മേളവും തീർത്ഥാടനത്തിന് മാറ്റ് കൂട്ടും.

ഏറ്റവും ശക്തയായ മദ്ധ്യസ്ഥ പരിശുദ്ധ ദൈവ മാതാവിന്റെ സംരക്ഷണത്തിനു അനുഗ്രഹങ്ങൾ നേടുവാനും മരിയ സ്തുതി പ്രഘോഷിക്കുവാനും യു.കെ യിലെ ഏറ്റവും വലിയ തീർത്ഥാടനത്തിലേക്ക് ജാതിമതഭേദമില്ലാതെ ഏവരെയും സ്വാഗതം ചെയ്യുന്നതായി പ്രസുതേന്തിമാരായ കേരളാ ക്രിസ്ത്യൻ കമ്മ്യുണിറ്റിക്കു വേണ്ടി ഫാ.ബിജു കോച്ചേരി നാൽപ്പതിൽ അറിയിച്ചു.

തീർത്ഥാടനം ആരംഭിക്കുന്ന സ്ഥലത്തിന്റെ വിലാസം :-

 Friday Market Announciation Chappel, NR22 6DB

 സമാപന സ്ഥലം :

Slipper Chappel NR22 6 AL 





കൂടുതല്‍വാര്‍ത്തകള്‍.