കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നത് അഴിമതിയാണെന്ന് തുറന്നടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സിപിഎം തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ സംഘടനാ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയ്ക്ക് മറുപടി പറയുമ്പോഴാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അഴിമതി നടത്തിയവരെ സംഘടന സംരക്ഷിച്ചില്ല. നടപടി ഉണ്ടായി. അഴിമതി ആരു ചെയ്താലും നടപടി ഉണ്ടാകും. സഹകരണ മേഖലയിലെ തെറ്റായ പ്രവണത വച്ചു പൊറുപ്പിക്കില്ല. ഇല്ലാത്ത അഴിമതിയുടെ പേരില്‍ ഇഡി ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ വേട്ടയാടലിനെ പാര്‍ട്ടി പ്രതിരോധിക്കുമെന്നും അദേഹം പറഞ്ഞു.
അതേസമയം, വയനാട് എന്‍.എം. വിജയന്റെയും മകന്റെയും ആത്മഹത്യക്കിടയാക്കിയതായി പറയപ്പെടുന്ന സഹകരണ ബാങ്ക് നിയമന കോഴ സംബന്ധിച്ച് സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതായി മന്ത്രി വി.എന്‍. വാസവന്‍. സഹകരണ വിജിലന്‍സ് ഓഫിസ് നോര്‍ത്ത് സോണ്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ (വിജിലന്‍സ്) കണ്ണൂര്‍, എറണാകുളം ജോ. രജിസ്ട്രാര്‍ (ജനറല്‍) കാര്യാലയത്തിലെ ഡെപ്യൂട്ടി രജിസ്ട്രാര്‍ (ഭരണം) എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ വകുപ്പുതല പ്രാഥമികാന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്.
സുല്‍ത്താന്‍ബത്തേരി സഹകരണ അര്‍ബന്‍ ബാങ്ക്, സുല്‍ത്താന്‍ ബത്തേരി സര്‍വിസ് സഹകരണ ബാങ്ക്, പൂതാടി സര്‍വിസ് സഹകരണ ബാങ്ക്, മടക്കിമല സര്‍വിസ് സഹകരണ ബാങ്ക്, സുല്‍ത്താന്‍ബത്തേരി സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് തുടങ്ങിയ സംഘങ്ങളിലാണ് നിയമനങ്ങളില്‍ ക്രമക്കേടുകള്‍ ബോധ്യപ്പെട്ടത്. ക്രമക്കേട് കണ്ടെത്തിയ സംഘങ്ങളില്‍ പരിശോധന നടത്തുന്നതിന് സുല്‍ത്താന്‍ ബത്തേരി അസി. രജിസ്ട്രാര്‍ (ജനറല്‍) കെ.കെ. ജമാലിനെ നിയോഗിച്ചിട്ടുണ്ട്.
ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് നിര്‍ദേശം നല്‍കി. ഇതിന് പുറമെ എന്‍.എം. വിജയന് സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ സഹകരണ ബാങ്കില്‍ 63.72 ലക്ഷം രൂപ വായ്പ ബാധ്യതയും സുല്‍ത്താന്‍ ബത്തേരി സര്‍വിസ് സഹകരണ ബാങ്കില്‍ 29.49 ലക്ഷം രൂപ സ്വന്തം പേരിലും മകന്റെ പേരിലുള്ള ജാമ്യത്തില്‍ 11.26 ലക്ഷം രൂപയും വായ്പ ബാധ്യത നിലവിലുണ്ടെന്നും പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.