2024-ലെ അവസാന മൂന്ന് മാസങ്ങളില്‍ യുകെ സമ്പദ് വ്യവസ്ഥയ്ക്ക് വളര്‍ച്ച രേഖപ്പെടുത്തിയെന്ന് ഔദ്യോഗിക കണക്കുകള്‍. നാലാം പാദത്തില്‍ ജിഡിപി 0.1% വളര്‍ച്ച നേടിയെന്നാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് റിപ്പോര്‍ട്ട്. ഡിസംബറില്‍ സര്‍വ്വീസ്, മാനുഫാക്ചറിംഗ് വളര്‍ച്ചയാണ് രക്ഷയ്ക്ക് എത്തിയത്.
സെപ്റ്റംബര്‍ വരെയുള്ള മൂന്ന് മാസങ്ങളിലേതിന് സമാനമായി അവസാന മൂന്ന് മാസങ്ങളില്‍ വളര്‍ച്ച 0.1% കുറയുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. അതേസമയം വളര്‍ച്ചയും, തളര്‍ച്ചയും തമ്മില്‍ നേരിയ വ്യത്യാസം മാത്രമാണുള്ളത്. ഇത് ആഴത്തിലുള്ള സാമ്പത്തിക പ്രതിസന്ധിക്ക് സാധ്യത തെളിയിക്കുന്നുവെന്നാണ് മുന്നറിയിപ്പ്.
കൂടാതെ ഒഎന്‍എസിന്റെ മറ്റ് രണ്ട് കണക്കുകളായ ലിവിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ്, ജനസംഖ്യാ അനുപാതം അനുസരിച്ചുള്ള ജിഡിപി എന്നിവ തുടര്‍ച്ചയായ രണ്ട് പാദങ്ങളില്‍ തളര്‍ച്ച രേഖപ്പെടുത്തിയതായി കാണിച്ചിരുന്നു. ഈ കണക്കുകള്‍ ഗവണ്‍മെന്റിന് സാരമായി തലവേദന സൃഷ്ടിക്കുന്നതായിരുന്നു. സാമ്പത്തിക വളര്‍ച്ച നേടേണ്ടത് സുപ്രധാനമായി മാറിയ ഘട്ടത്തിലാണ് പുതിയ കണക്കുകള്‍ താല്‍ക്കാലിക ആശ്വാസം നല്‍കുന്നത്.
പൊതുഖജനാവിനെ മെച്ചപ്പെടുത്താന്‍ പ്രധാനമന്ത്രിയും, ചാന്‍സലറും കടുപ്പേമറിയ ബജറ്റ് അവതരിപ്പിച്ചത് ബിസിനസ്സുകളുടെ ആത്മവിശ്വാസം കെടുത്തി. ജോലി ചെയ്യുന്നവരുടെ വേദന കുറയ്ക്കാനെന്ന പേരില്‍ സ്വീകരിച്ച നടപടികള്‍ കമ്പനികള്‍ക്ക് അമിതഭാരം സമ്മാനിക്കാനാണ് ഉപകരിച്ചത്.