യോര്‍ക്ക്ഷയര്‍ തീരത്ത് നിന്നും 13 മൈല്‍ അകലെ നിര്‍ത്തിയിട്ട യുഎസ് സൈനിക ടാങ്കറിലേക്ക് കാര്‍ഗോ കപ്പല്‍ ഇടിച്ചുകയറി വന്‍ അഗ്നിബാധ. പോര്‍ച്ചുഗീസ് പതാകയേന്തിയ കാര്‍ഗോ കപ്പലില്‍ സോഡിയം സയനേഡാണ് ഉണ്ടായിരുന്നത്. യുഎസ് സൈന്യത്തിന്റെ ഇന്ധന ടാങ്കറായ എംവി സ്‌റ്റെനാ ഇമ്മാക്കുലേറ്റിലേക്കാണ് കാര്‍ഗോ കപ്പല്‍ ഇടിച്ചുകയറിയത്.
യോര്‍ക്ക്ഷയര്‍ തീരത്ത് വന്‍ അഗ്നിബാധയാണ് ഇതോടെ രൂപപ്പെട്ടത്. കനത്ത മൂടല്‍മഞ്ഞിലാണ് അപകടം നടന്നതെന്നാണ് സൂചന. നാവികര്‍ എല്ലാവരും ജീവനോടെ രക്ഷപ്പെട്ടത് അത്ഭുതമാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കി. നോര്‍ത്ത് സീയില്‍ ചെറുബോട്ടുകളും, മത്സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
യുദ്ധവിമാനങ്ങള്‍ക്കുള്ള പത്ത് മില്ല്യണ്‍ ഗാലണ്‍ ഇന്ധനമാണ് യുഎസ് സൈനിക ടാങ്കറിലുണ്ടായിരുന്നത്. അപകടത്തെ തുടര്‍ന്ന് പല തവണയായി സ്‌ഫോടനങ്ങള്‍ നടന്നു. അപകടകാരിയായ സോഡിയം സയനേഡുമായി എത്തിയ കാര്‍ഗോ ആങ്കര്‍ ചെയ്ത ടാങ്കറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ജെറ്റ് ഇന്ധനം കടലിലേക്ക് പരന്നൊഴുകുകയും, കപ്പലുകള്‍ അഗ്നിക്ക് ഇരയാകുകയുമായിരുന്നു.
രണ്ട് കപ്പലുകളിലുമായി ഉണ്ടായിരുന്ന 36 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കാര്‍ഗോ കപ്പലിലെ ഒരു നാവികനെ കാണാതായിട്ടുണ്ട്. അതേസമയം കപ്പല്‍ അപകടത്തില്‍ ഹാക്കിംഗ് നടന്നിട്ടുണ്ടോയെന്ന സംശയം വൈറ്റ് ഹൗസ് അധികൃതര്‍ പങ്കുവെയ്ക്കുന്നുണ്ട്. പോര്‍ച്ചുഗീസ് കപ്പല്‍ റഷ്യയോ മറ്റ് എതിര്‍ രാജ്യങ്ങളോ ഹാക്ക് ചെയ്തിരിക്കാമെന്ന സംശയമാണ് ഒരു മുതിര്‍ന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ മാരിടൈം വെബ്‌സൈറ്റായ ജിക്യാപ്റ്റനോട് വെളിപ്പെടുത്തിയിരിക്കുന്നത്. 130,000 ബാരല്‍ ജെറ്റ് ഇന്ധനമാണ് വെള്ളത്തിലേക്ക് ഒഴുകിയതെന്നാണ് വിവരം.