ബ്രിട്ടനിലെ ആയിരക്കണക്കിന് വീടുകളില്‍ ഇപ്പോഴും ഉപയോഗിക്കുന്ന പഴയ മീറ്ററുകളുടെ എണ്ണം ആയിരങ്ങള്‍ വരും. എന്നാല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഈ മീറ്ററുകള്‍ നിശ്ചലമാകുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. പഴയ റേഡിയോ ടെലിസ്വിച്ച് സര്‍വ്വീസ് മീറ്ററുകളുടെ പ്രവര്‍ത്തനമാണ് സിഗ്നല്‍ സംവിധാനം നിര്‍ത്തലാക്കുന്നതോടെ അവസാനിക്കുന്നത്.
ഈ പഴയകാല മീറ്ററുകളില്‍ നിന്നും മാറാത്ത പക്ഷം വേനല്‍ക്കാലത്ത് വൈദ്യുതിയും, ചൂട് വെള്ളവും കിട്ടാത്ത അവസ്ഥ വരുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. 1980-കളിലാണ് ആര്‍ടിഎസ് മീറ്ററുകള്‍ അവതരിപ്പിച്ചത്. ബിബിസി ട്രാന്‍സ്മിറ്ററുകളില്‍ നിന്നും സ്വിച്ച് മീറ്ററുകളിലേക്ക് ലോംഗ്‌വേവ് റേഡിയോ സിഗ്നലുകള്‍ നല്‍കിയാണ് ഈ മീറ്ററുകള്‍ പീക്ക്, ഓഫ്-പീക്ക് താരിഫ് റേറ്റുകള്‍ക്കിടയില്‍ ഉപയോഗിച്ചത്.
എന്നാല്‍ വോര്‍സ്റ്റര്‍ഷയറിലെ ഡ്രോയ്റ്റ്‌വിച്ച് ട്രാന്‍സ്മിറ്റിംഗ് സ്‌റ്റേഷനില്‍ നിന്നുമുള്ള സിഗ്നലുകളുടെ ബ്രോഡ്കാസ്റ്റിംഗ് ഉപകരണം ജൂണ്‍ 30 മുതല്‍ ഓഫാക്കുന്നതോടെയാണ് മീറ്ററുകളും ഉപയോഗശൂന്യമാകുന്നത്. ആര്‍ടിഎസ് മീറ്ററുകള്‍ ഉപയോഗിക്കുന്നവരോട് പുതിയ ആധുനിക സ്മാര്‍ട്ട് മീറ്ററുകള്‍ തെരഞ്ഞെടുക്കാനാണ് എനര്‍ജി സപ്ലയര്‍മാര്‍ ആവശ്യപ്പെടുന്നത്.
ഇംഗ്ലണ്ട്, സ്‌കോട്ട്‌ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലായി 600,000 ആര്‍ടിഎസ് മീറ്ററുകളാണ് ഇപ്പോഴും ഉള്ളത്. സമയപരിധി അവസാനിക്കുന്നതിന് മുന്‍പ് ഇവ മാറ്റാത്ത പക്ഷം ഈ വീടുകളില്‍ വൈദ്യുതിയും, ചൂട് വെള്ളത്തിന്റെ സപ്ലൈയും നിലയ്ക്കും. കൃത്യമായി മീറ്റര്‍ മാറ്റുമെന്ന് എനര്‍ജി സ്ഥാപനങ്ങള്‍ ഉറപ്പാക്കണമെന്നാണ് റെഗുലേറ്റര്‍ ഓഫ്‌ജെം കരുതുന്നത്. എന്നാല്‍ സ്മാര്‍ട്ട് മീറ്ററുകള്‍ സ്വീകരിക്കാന്‍ ചിലര്‍ തയ്യാറാകില്ലെന്ന ആശങ്ക ബാക്കിയാണ്.