എന്‍എച്ച്എസ് സേവനങ്ങള്‍ പരിഷ്‌കരിക്കാനുള്ള ശ്രമങ്ങള്‍ തടസ്സങ്ങള്‍ക്ക് ഇടയാക്കുമെന്ന് സമ്മതിച്ച് ഹെല്‍ത്ത് സെക്രട്ടറി. എന്നിരുന്നാലും സേവനങ്ങള്‍ മെച്ചപ്പെടുത്താനും, പാഴാക്കല്‍ കുറയ്ക്കാനുമുള്ള നീക്കങ്ങള്‍ ദീര്‍ഘകാലത്തേക്ക് മെച്ചപ്പെടല്‍ സമ്മാനിക്കുമെന്ന് വെസ് സ്ട്രീറ്റിംഗ് ഉറപ്പുനല്‍കി.
ചൊവ്വാഴ്ചയാണ് പബ്ലിക് അഡ്മിനിസ്‌ട്രേറ്റീവ് ബോഡിയായ എന്‍എച്ച്എസ് ഇംഗ്ലണ്ട് നിര്‍ത്തലാക്കി ഈ സേവനങ്ങള്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ചത്. പണം ലാഭിക്കുന്നതിന് പുറമെ ഹെല്‍ത്ത് സര്‍വ്വീസില്‍ മന്ത്രിമാര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ലഭിക്കാനും ഇത് കാരണമാകും.
രണ്ട് വര്‍ഷം കൊണ്ടാണ് ഈ നീക്കം പൂര്‍ത്തിയാക്കാന്‍ കഴിയുകയെന്ന് ലേബര്‍ ഗവണ്‍മെന്റ് പ്രതീക്ഷിക്കുന്നത്. കൂടാതെ മില്ല്യണ്‍ കണക്കിന് പൗണ്ട് ഫ്രണ്ട്‌ലൈന്‍ എന്‍എച്ച്എസ് സര്‍വ്വീസുകളില്‍ ലാഭിക്കാന്‍ ഇതുവഴി സാധിക്കുമെന്നും കരുതുന്നു. പരിഷ്‌കാരങ്ങള്‍ വെല്ലുവിളികളും സൃഷ്ടിക്കുമെന്ന് സ്ട്രീറ്റിംഗ് ബിബിസിയോട് പറഞ്ഞു.
രോഗികളുടെ ചികിത്സയുമായി ബന്ധപ്പെട്ട് തടസ്സങ്ങള്‍ ഉണ്ടാകാനും ഇടയുണ്ടെന്ന് ഹെല്‍ത്ത് സെക്രട്ടറി പറയുന്നു. ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ മുന്‍ ഹെല്‍ത്ത് സെക്രട്ടറിമാര്‍ തയ്യാറായില്ല. എന്‍എച്ച്എസ് ഇംഗ്ലണ്ടിനെ ഉപയോഗിച്ച് എന്നെ പോലുള്ള രാഷ്ട്രീയക്കാര്‍ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതില്‍ നിന്നും സംരക്ഷണം തേടുകയാണ് ചെയ്തത്, സ്ട്രീറ്റിംഗ് ആരോപിച്ചു.
രോഗികളുടെ പരിചരണത്തില്‍ ഇപ്പോള്‍ തടസ്സം നേരിട്ടാലും പുനഃസംഘടനയിലൂടെ സേവനങ്ങള്‍ മെച്ചപ്പെടുത്താമെന്നും, വെയ്റ്റിംഗ് ലിസ്റ്റ് ഇപ്പോള്‍ തന്നെ താഴാന്‍ തുടങ്ങിയെന്നും സ്ട്രീറ്റിംഗ് വ്യക്തമാക്കുന്നു. അതേസമയം എന്‍എച്ച്എസ് ഇംഗ്ലണ്ടിനെ റദ്ദാക്കിയത് വഴി തീരുമാനങ്ങള്‍ മന്ത്രിമാരുടെ കൈകളിലെത്തിക്കുമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് ചെയര്‍ റിച്ചാര്‍ഡ് മെഡ്ഡിംഗ്‌സ് ചൂണ്ടിക്കാണിച്ചു. ഗവണ്‍മെന്റ് കൈകടത്തുന്നതോടെ ഒരേ സമയം പല നിര്‍ദ്ദേശങ്ങള്‍ വരുന്നത് പോലുള്ള പ്രശ്‌നങ്ങള്‍ വരും, അദ്ദേഹം പറഞ്ഞു.