ബ്രിട്ടനില്‍ ചെറുപ്രായത്തിലുള്ള കുട്ടികളെ ഗ്രൂമിംഗ് സംഘങ്ങള്‍ മദ്യവും, മയക്കുമരുന്നും, പ്രണയവും നല്‍കി ബലാത്സംഗത്തിന് ഇരകളാക്കുന്ന വാര്‍ത്തകള്‍ രാജ്യത്തെ ഞെട്ടിച്ചിരുന്നു. എന്നാല്‍ പല തവണ പരാതികള്‍ നല്‍കിയിട്ടും പോലീസ് പോലും ഇതൊന്നും വലിയ കാര്യമായി പരിഗണിച്ചില്ല. പ്രധാനമായും പാകിസ്ഥാനി വംശജരാണ് ഈ ഗ്രൂമിംഗ് സംഘങ്ങളില്‍ പെട്ടവര്‍. വംശീയമായ പ്രശ്‌നമായി മാറുമെന്ന ഭയത്തിലാണ് പരാതികള്‍ അവഗണിക്കപ്പെട്ടതെന്ന് നേരത്തെ കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍ ഗ്രൂമിംഗ് സംഘങ്ങളുടെ പ്രവര്‍ത്തനം പറയുന്നത് പോലെ ഭയപ്പെടുത്തുന്ന വിഷയമൊന്നും അല്ലെന്നാണ് ഒരു ലേബര്‍ ക്യാബിനറ്റ് മന്ത്രി അഭിപ്രായപ്പെട്ടത്. കോമണ്‍സ് നേതാവ് കൂടിയായ ലൂസി പവലാണ് ഈ ഞെട്ടിക്കുന്ന അഭിപ്രായപ്രകടനം നടത്തിയത്. അതിജീവിതര്‍ക്ക് ഒരു വിലയും കൊടുക്കാത്ത ഈ നിലപാടിനെ തുടര്‍ന്ന് വിമര്‍ശനം ഏറ്റുവാങ്ങുന്ന പവല്‍ രാജിവെയ്ക്കണമെന്ന് സമ്മര്‍ദം രൂക്ഷമാകുകയാണ്.
അതിജീവിതര്‍ ഇത്രയും കാലം നേരിട്ടത് എന്താണെന്ന് പവലിന്റെ പ്രസ്താവനയില്‍ നിന്നും വ്യക്തമാണെന്ന് റോത്തര്‍ഹാം പീഡനത്തില്‍ ഇരയായ സാറാ വില്‍സണ്‍ ചൂണ്ടിക്കാണിച്ചു. ഇത്രയും നാള്‍ തങ്ങള്‍ പറഞ്ഞതൊന്നും ആരും കേള്‍ക്കാത്ത് എന്ത് കൊണ്ടെന്നും, ഇനിയൊരിക്കലും കേള്‍ക്കില്ലെന്നും ഇതില്‍ നിന്നും വ്യക്തമാണ്. അതീജിവിതര്‍ പീഡനത്തിനായി ഒരുക്കിയെടുക്കപ്പെട്ടതായ അനുഭവങ്ങള്‍ ഇവര്‍ തള്ളുകയാണ്. 11-ാം വയസ്സിലാണ് എന്നെ ബലാത്സംഗത്തിന് ഇരയാക്കുകയും, ഇംഗ്ലണ്ടില്‍ മുഴുവന്‍ മനുഷ്യക്കടത്തിന് ഇരയാകുകയും ചെയ്തത്. വിസില്‍ അടിച്ച് രക്ഷപ്പെടുത്താന്‍ അപേക്ഷിച്ചു. പക്ഷെ പട്ടികള്‍ക്ക് ഇട്ടുകൊടുത്ത് പീഡിപ്പിക്കാന്‍ ഉപേക്ഷിച്ചു, വില്‍സണ്‍ കുറിച്ചു.
റോത്തര്‍ഹാമില്‍ 1997 മുതല്‍ 2013 വരെ കാലഘട്ടത്തില്‍ 1400 കുട്ടികളെങ്കിലും ബലാത്സംഗത്തിനും ചൂഷണങ്ങള്‍ക്കും ഇരയായെന്നാണ് കരുതുന്നത്. ലേബര്‍ എംപിമാരുടെ പൊതുഅഭിപ്രായം എന്താണെന്നത് സംബന്ധിച്ചാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നതെന്ന് ഒരു ഇരയുടെ പിതാവ് ജിബി ന്യൂസില്‍ പ്രതകരിച്ചു. സംഭവം വിവാദമായതോടെ കുട്ടികളെ പീഡനത്തിന് ഇരയാക്കുന്ന വിഷയം ഗുരുതരമായാണ് ഗവണ്‍മെന്റ് കാണുന്നതെന്ന് പ്രതികരിച്ച് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് രംഗത്തെത്തി. പ്രസ്താവനയില്‍ പവല്‍ മാപ്പ് പറയുന്നതാണ് ശരിയെന്നും സ്ട്രീറ്റിംഗ് കൂട്ടിച്ചേര്‍ത്തു.