2025 ഏപ്രില്‍ 22. ഭൂമിയിലെ സ്വര്‍ഗ്ഗമെന്ന് വിശേഷിപ്പിക്കുന്ന ജമ്മു കശ്മീരിലെ പഹല്‍ഗാമിലുള്ള പുല്‍മേടുകളില്‍ ഇന്ത്യന്‍ കുടുംബങ്ങള്‍ ആ നാടിന്റെ മനോഹാരിത ആസ്വദിച്ച് നടക്കുന്നു. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സാധാരണ മനുഷ്യരാണ് തങ്ങളുടെ കുടുംബങ്ങള്‍ക്കൊപ്പം ആ സ്വപ്‌നഭൂമികയില്‍ യാത്രക്കിറങ്ങിയത്. എന്നാല്‍ നിമിഷങ്ങളുടെ ഗതിവേഗത്തില്‍ ആ സ്വപ്‌നയാത്ര ദുരന്തയാത്രയായി മാറി. കാട്ടില്‍ നിന്നിറങ്ങിയ വന്ന അഞ്ച് ഭീകരര്‍ കൈയിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച്, മതം ചോദിച്ച ശേഷം ഭാര്യമാര്‍ക്കും, കുട്ടികള്‍ക്കും മുന്നില്‍ വെച്ച് അവരുടെ ഭര്‍ത്താക്കന്‍മാരെയും, പിതാക്കന്‍മാരെയും നിഷ്‌കരുണം വെടിവെച്ച് കൊന്നു.
---------------------------------------------------------------------------
2025 മേയ് 07- ഉറക്കം വിട്ടെഴുന്നേല്‍ക്കുന്ന ലോകത്തിനായി ഇന്ത്യന്‍ സൈന്യം ഒരു ഹൃദ്യമായ വാര്‍ത്ത കാത്തുവെച്ചു. ഇന്നലെ രാത്രി ലോകം കിടന്നുറങ്ങിയപ്പോള്‍, ഏറ്റവും സുരക്ഷിതമെന്ന് കരുതി ഭീകരവാദികളും കിടന്നുറങ്ങിയ പാകിസ്ഥാനിലെ പ്രദേശങ്ങളില്‍ ചെന്നുകയറിയ ഇന്ത്യന്‍ സൈന്യം 9 പാക് ഭീകരകേന്ദ്രങ്ങളില്‍ പ്രത്യാക്രമണം സംഘടിപ്പിച്ചു. ഇന്ത്യയുടെ കര-നാവിക-വ്യോമ സൈന്യങ്ങള്‍ സംയുക്തമായി സംഘടിപ്പിച്ച ഓപ്പറേഷന് പേര്- ഓപ്പറേഷന്‍ സിന്ദൂര്‍.
കശ്മീര്‍ താഴ്‌വരയില്‍ വെച്ച് നിരപരാധികളായ ജനങ്ങളെ വെടിവെച്ച് വീഴ്ത്തി, അവരുടെ ഭാര്യമാരുടെ സിന്ദൂരം മായ്ച്ചിട്ട് പോയ ഭീകരര്‍ക്ക്, അവരുടെ തന്നെ ഭാഷയില്‍ മറുപടി നല്‍കുമ്പോള്‍ 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്നതിനേക്കാള്‍ മികച്ചൊരു പേര് നല്‍കാന്‍ കഴിയില്ല.
മുന്‍ ഭീകരാക്രമണങ്ങള്‍ക്ക് ഇന്ത്യ സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെയാണ് മറുപടി നല്‍കിയതെങ്കില്‍ ഇക്കുറി പ്രിസിഷന്‍ സ്‌ട്രൈക്കുകളാണ് സംഘടിപ്പിച്ചത്. പാകിസ്ഥാനിലെയും, പാക് അധീന കശ്മീരിലെയും ഭീകരവാദ ക്യാംപുകള്‍ മുന്‍കൂട്ടി കണ്ടെത്തി നിശ്ചയിച്ചുറപ്പിച്ച് മിസൈല്‍ അക്രമണം നടത്തുകയാണ് ചെയ്തതെന്ന് ഉന്നത സുരക്ഷാ ശ്രോതസ്സുകള്‍ വ്യക്തമാക്കി.
നിരോധിത തീവ്രവാദ സംഘടനകളായ ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍ ഇ തോയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍ എന്നിവര്‍ തമ്പടിച്ചിരുന്ന ഒന്‍പത് കേന്ദ്രങ്ങള്‍ക്ക് നേരെയാണ് അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം തിരിച്ചടി നല്‍കിയത്. ബഹവല്‍പൂര്‍, മുര്‍ദികെ എന്നിവിടങ്ങളിലെ ജെയ്‌ഷെ ശക്തികേന്ദ്രങ്ങളിലാണ് ഏറ്റവും ശക്തമായ അക്രമണം നടന്നത്. 25 മുതല്‍ 30 തീവ്രവാദികള്‍ വരെ ഓരോ സ്ഥലത്തും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
മുര്‍ദികെയില്‍ ലഷ്‌കറിന്റെ ബൗദ്ധിക ആസ്ഥാനമായ മസ്ജിദ് വാ മര്‍കസ് തായ്ബയായിരുന്നു പ്രധാന ലക്ഷ്യം. പാകിസ്ഥാനിലെ 'ഭീകരവാദ നഴ്‌സറിയെന്നായിരുന്നു' ഈ മസ്ജിദിനെ ഏറെക്കാലമായി വിശേഷിപ്പിക്കുന്നത്. നൂറോളം ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ പാകിസ്ഥാന്‍ ഇതെല്ലാം മറച്ചുവെയ്ക്കുന്ന നിലപാട് പുറത്തിറക്കി കഴിഞ്ഞു. എട്ട് സാധാരണക്കാരാണ് ഇന്ത്യയുടെ അക്രമത്തില്‍ കൊല്ലപ്പെട്ടതെന്നാണ് പാകിസ്ഥാന്റെ ഭാഷ്യം.
പാക് അധീന കശ്മീരിന് പുറമെ പാകിസ്ഥാന്‍ മണ്ണിലേക്കും ഇന്ത്യന്‍ സൈന്യം എത്തിയത് അയല്‍ക്കാരെ അല്‍പ്പമൊന്ന് പകപ്പിച്ചിട്ടുണ്ട്. മറുപടി അക്രമത്തിന് ഇറങ്ങിത്തിരിച്ച പാക് യുദ്ധവിമാനം ഇന്ത്യന്‍ അതിര്‍ത്തിയില്‍ വെടിവെച്ചിടുകയും ചെയ്തു. ഭീകരകേന്ദ്രങ്ങളില്‍ മാത്രമാണ് ഇന്ത്യ അക്രമണം നടത്തിയതെന്ന് ഇന്ത്യന്‍ സായുധ സേനകള്‍ വ്യക്തമാക്കി.