ബ്രിട്ടനില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടത് പൊളിച്ച് മണിക്കൂറുകള്‍ തികയുന്നതിന് മുന്‍പ് റോച്ച്‌ഡേലിലെ രണ്ടിടങ്ങളിലായി കാല്‍നടക്കാര്‍ക്ക് ഇടയിലേക്ക് കാര്‍ ഓടിച്ച് കയറ്റി. ഭീകരാക്രമണം നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കവെയാണ് ഭീകരരെന്ന് സംശയിക്കുന്നവരെ സ്‌പെഷ്യല്‍ ഫോഴ്‌സുകള്‍ പിടികൂടിയത്. ഇതിന് പിന്നാലെ കാര്‍ ആളുകള്‍ക്കിടയിലേക്ക് ഇടിച്ചുകയറ്റിയ അതിക്രമം കൂടുതല്‍ ആശങ്കയ്ക്ക് വഴിയൊരുക്കുകയാണ്.
സംഭവത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു, ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കാല്‍നടക്കാര്‍ക്ക് ഇടയിലേക്ക് കാര്‍ ഇടിച്ച് കയറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പട്ടണത്തില്‍ രണ്ട് ഭാഗങ്ങളില്‍ ഇത്തരം സംഭവം അരങ്ങേറി. രണ്ട് ഭാഗത്തും അപകടം സൃഷ്ടിച്ചത് ഒരേ കാര്‍ തന്നെയാണെന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് പറയുന്നു.
വുഡ്‌ഗേറ്റ് അവെന്യൂവിലാണ് ആദ്യം അക്രമം നടന്ന വാര്‍ത്ത ലഭിച്ച് എമര്‍ജന്‍സി സര്‍വ്വീസുകള്‍ എത്തിയത്. ഇവിടെ ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് അക്രമത്തില്‍ പരുക്കേറ്റതായി കണ്ടെത്തി. ഇവരുടെ പരുക്കുകള്‍ സാരമായിരുന്നില്ല. ആശുപത്രിയില്‍ ചികിത്സ നല്‍കിയ ശേഷം ഇവരെ വിട്ടയച്ചു.
എന്നാല്‍ വിറ്റ്‌വര്‍ത്ത് റോഡില്‍ ഇതേ കാര്‍ വീണ്ടും അപകടം സൃഷ്ടിച്ചപ്പോള്‍ സ്ഥിതി ഗുരുതരമായി. ഇവിടെ പരുക്കേറ്റ സ്ത്രീയെ എയര്‍ലിഫ്റ്റ് ചെയ്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് 49-കാരനായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കസ്റ്റഡിയില്‍ തുടരുകയാണ്.
നിലവില്‍ അക്രമം തീവ്രവാദ ബന്ധമുള്ളതായി കണക്കാക്കുന്നില്ലെന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് മേജര്‍ ഇന്‍സിഡന്റ് ടീം പറയുന്നു. റോച്ച്‌ഡേലില്‍ തന്നെ തീവ്രവാദികളെ സ്‌പെഷ്യല്‍ ഫോഴ്‌സുകള്‍ അറസ്റ്റ് ചെയ്ത ദിവസമാണ് ഈ സംഭവം എന്നത് ഞെട്ടല്‍ ഉളവാക്കി. എന്നാല്‍ ഇവ രണ്ടും തമ്മില്‍ ബന്ധമില്ലെന്നാണ് ഇപ്പോള്‍ പോലീസ് വ്യക്തമാക്കുന്നത്. പിടിയിലായത് വെള്ളക്കാരനായ പുരുഷനാണെന്നും അധികൃതര്‍ സ്ഥിരീകരിച്ചു.