നാട്ടില്‍ ആഘോഷ സീസണിലേക്ക് യാത്ര ചെയ്യുന്നത് ബ്രിട്ടനില്‍ ഏതൊരു കുടിയേറ്റക്കാരനും നൊസ്റ്റാള്‍ജിയ സമ്മാനിക്കുന്ന കാര്യമാണ്. എന്നാല്‍ മക്കളുടെ സ്‌കൂള്‍ ടേം സമയത്താണ് ഈ യാത്രയെങ്കില്‍ തിരിച്ചെത്തുമ്പോള്‍ നൊസ്റ്റാള്‍ജിയയ്ക്ക് പകരം, കോടതിയും, പിഴയുമൊക്കെയാണ് കാത്തിരിക്കുക.
പ്രൈമറി സ്‌കൂളില്‍ ടേം സമയത്ത് മകളുമായി വിദേശ യാത്ര പോയി രണ്ട് ദിവസം ക്ലാസ് നഷ്ടമാക്കിയതിന് അമ്മയ്ക്ക് കോടതി കയറാനും, പിഴയടക്കാനുമാണ് അവസരം സിദ്ധിച്ചത്. സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ നിന്നുള്ള അമ്മയാണ് കുടുംബസമേതം വിദേശയാത്രക്ക് ഇറങ്ങുകയും, ട്രാവല്‍ ഏജന്‍സി പാപ്പരായതോടെ വിദേശത്ത് കുടുങ്ങി തിരിച്ചെത്താന്‍ വൈകുകയും ചെയ്തത്.
അപ്രതീക്ഷിതമായ കാരണങ്ങളാലാണ് തിരിച്ചെത്താന്‍ വൈകിയതെന്ന് ഈ അമ്മ നോര്‍ത്ത് സ്റ്റാഫോര്‍ഡ്ഷയര്‍ ജസ്റ്റിസ് സെന്ററില്‍ അറിയിച്ചു. എന്നാല്‍ ഈ കാലതാമസം മകളുടെ രണ്ട് ദിവസത്തെ ക്ലാസ് നഷ്ടമാക്കി. ഇതിന്റെ പേരില്‍ 60 പൗണ്ട് പിഴയാണ് അമ്മയ്ക്ക് വിധിച്ചത്. ഈ പേയ്‌മെന്റ് അടയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഇത് സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ല.
ട്രാവല്‍ ഏജന്‍സിയുടെ പിഴവാണ് ഇതില്‍ കലാശിച്ചതെന്ന് അമ്മ ചൂണ്ടിക്കാണിച്ചു. എന്നാല്‍ പേയ്‌മെന്റ് അടച്ചുവെന്ന് ഉറപ്പാക്കാത്തത് സ്വന്തം തെറ്റാണെന്ന് മജിസ്‌ട്രേറ്റ് പറഞ്ഞു. വിഷയത്തില്‍ 60 പൗണ്ട് ഫൈനും, 24 പൗണ്ട് സര്‍ചാര്‍ജ്ജും അടയ്ക്കാനാണ് കോടതി വിധിച്ചത്.