നാണമില്ലാതെ മലക്കം മറിയുകയെന്നത് രാഷ്ട്രീയക്കാര്‍ക്ക് പുത്തരിയല്ല. ഇന്നലെ പറഞ്ഞത് ഇന്ന് ഓര്‍മ്മിക്കാതിരിക്കുക. പുതിയ നിലപാട് പറയുക, ഇതെല്ലാം ഒരു പതിവ് കാര്യം തന്നെ. ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറും അതില്‍ നിന്നും ഒട്ടും വ്യത്യസ്തനല്ല. മുതിര്‍ന്ന വനിതകളെയാണ് സ്ത്രീകളെന്ന് പറയേണ്ടതെന്ന് നിലപാട് തിരുത്തിയാണ് സ്റ്റാര്‍മര്‍ ഇത് വീണ്ടും തെളിയിച്ചത്.
സുപ്രീംകോടതി പുറപ്പെടുവിച്ച വിധി സ്ത്രീ ആരാണെന്നതിന് വ്യക്തത നല്‍കിയെന്നാണ് പ്രധാനമന്ത്രിയുടെ വാദം. ട്രാന്‍സ് സ്ത്രീകള്‍ സ്ത്രീകളാണെന്നായിരുന്നു ഇതിന് മുന്‍പ് സ്റ്റാര്‍മര്‍ അവകാശപ്പെട്ടിരുന്നത്. 'സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു. ഇപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാണ്. അതുകൊണ്ട് തന്നെ ഇനി മുന്നോട്ട് ഈ നിലപാട് ഉപയോഗിക്കാം', പ്രധാനമന്ത്രി പറഞ്ഞു.
ജന്മനാ സ്ത്രീയായി പിറന്നവരാണ് യഥാര്‍ത്ഥ സ്ത്രീയെന്ന് സുപ്രീംകോടതി നിര്‍വചിച്ചതോടെ പ്രധാനമന്ത്രി പഴയ വിശ്വാസം വെച്ച് പുലര്‍ത്തുന്നില്ലെന്ന് ഡൗണിംഗ് സ്ട്രീറ്റ് സ്ഥിരീകരിച്ചു. വിധി വന്ന് ഒരാഴ്ചയായിട്ടും വിഷയത്തില്‍ പ്രതികരിക്കാന്‍ സ്റ്റാര്‍മര്‍ തയ്യാറായിരുന്നില്ല. ഇപ്പോള്‍ വായ്തുറന്ന പ്രധാനമന്ത്രി എല്ലാ സ്ത്രീകളോടും മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് കെമി ബാഡെനോക് ആവശ്യപ്പെട്ടു.
ഇക്വാളിറ്റി നിയമത്തിന്റെ പേരില്‍ ജോലി നഷ്ടമാകുകയും, അപമാനിതരാകുകയും ചെയ്ത സ്ത്രീകളുണ്ട്, അവരോട് സ്റ്റാര്‍മര്‍ മാപ്പ് പറയണം, ബാഡെനോക് പറഞ്ഞു. സ്ത്രീകള്‍ക്ക് മാത്രമുള്ള ഇടങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ പേരില്‍ ലേബര്‍ പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ട എംപി റോസി ഡഫീല്‍ഡിനോടും ഈ ഖേദപ്രകടനം ആവശ്യമാണെന്ന് അവര്‍ ചൂണ്ടിക്കാണിച്ചു.
പഴയ വാക്ക് അപ്പാടെ വിഴുങ്ങി ഒരു ഖേദവും പ്രകടിപ്പിക്കാതെ നിലപാട് മാറ്റിയ പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് വിഖ്യാത എഴുത്തുകാരി ജെ.കെ. റൗളിംഗ് രംഗത്തെത്തി. മുന്‍പ് സ്റ്റാര്‍മര്‍ പറഞ്ഞതൊന്നും മറക്കില്ലെന്ന് ഹാരി പോട്ടര്‍ എഴുത്തുകാരി വ്യക്തമാക്കി. വിദേശ സെക്രട്ടറി ഡേവിഡ് ലാമിയും, ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്‌നറും ഉള്‍പ്പെടെയുള്ള ലേബര്‍ എംപിമാര്‍ ട്രാന്‍സ് സ്ത്രീകളെ അനുകൂലിച്ച് ഇറക്കിയ പ്രസ്താവനകള്‍ പങ്കുവെച്ച് കൊണ്ടാണ് റൗളിംഗ് എക്‌സില്‍ പ്രസ്താവന നടത്തിയത്.