ഈസ്റ്റര്‍ ഞായറാഴ്ച പോപ്പ് ഫ്രാന്‍സിസ് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തെ കാണാനെത്തിയിരുന്നു. ഇതിന് ശേഷമായിരുന്നു ലോകത്തെ ഞെട്ടിച്ച് അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്ത പുറത്തുവന്നത്. പോപ്പ്‌മൊബൈലില്‍ തന്റെ അവസാനയാത്രക്ക് സഹായിച്ച പേഴ്‌സണല്‍ നഴ്‌സിന് പോപ്പ് നന്ദി പറഞ്ഞിരുന്നു. നഴ്‌സിന്റെ പ്രോത്സാഹനത്താലാണ് ക്ഷീണിതനെങ്കിലും പോപ്പ് വിശ്വാസികള്‍ക്ക് മുന്നിലേക്ക് ഈസ്റ്ററിന് എത്തിച്ചേര്‍ന്നത്.
88-കാരനായ പോപ്പ് തിങ്കളാഴ്ചയാണ് സ്‌ട്രോക്ക് നേരിട്ട് കാലം ചെയ്തത്. ഡബിള്‍ ന്യൂമോണിയ ബാധിച്ച് അഞ്ചാഴ്ചയോളം ആശുപത്രിയില്‍ ചെലവിട്ട് തിരിച്ചെത്തി ഒരു മാസം തികയുമ്പോഴാണ് വിയോഗം.
'സ്‌ക്വയറിലേക്ക് എന്നെ തിരിച്ചുകൊണ്ടുവന്നതിന് നന്ദി', പോപ്പ് ഫ്രാന്‍സിസ് തന്റെ നഴ്‌സ് മാസിമിലിയാനോ സ്ട്രാപെറ്റിയോട് പറഞ്ഞു. ഒരുപക്ഷെ പോപ്പിന്റെ അവസാന വാക്കുകളിലൊന്നായിരുന്നു ഇത്. ഈസ്റ്റര്‍ ആഘോഷങ്ങളില്‍ പോപ്പ് ഏറെ ക്ഷീണിതനായിരുന്നു. എന്നിരുന്നാലും ഈ അവസ്ഥ അവഗണിച്ച് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ക്ക് മുന്നിലേക്ക് അദ്ദേഹം എത്തി.
'എനിക്ക് ഇതിന് കഴിയുമെന്ന് തോന്നുന്നുണ്ടോ'? സന്ദര്‍ശനത്തിന് മുന്‍പ് പോപ്പ് നഴ്‌സ് സ്ട്രാപെറ്റിയോട് ചോദിച്ചതായി വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍പ് പോപ്പിന്റെ ജീവന്‍ രക്ഷിച്ചിട്ടുള്ള നഴ്‌സ് ഒരു പ്രശ്‌നവും വരില്ലെന്ന് ഉറപ്പ് നല്‍കി. ഏകദേശം 15 മിനിറ്റോളം ജനക്കൂട്ടത്തിന് നേരെ കൈവീശിയും, കുഞ്ഞുങ്ങളെ ആശീര്‍വദിച്ചും അദ്ദേഹം സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ സമയം ചെലവിട്ടു. ഇതിന് ശേഷം വത്തിക്കാന്‍ വസതിയായ കാസാ സാന്റാ മാര്‍ട്ടയില്‍ വിശ്രമിച്ച പോപ്പ് ഡിന്നര്‍ കഴിക്കുകയും ചെയ്തിരുന്നുവെന്ന് വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് പറയുന്നു.