ചരിത്രത്തില്‍ ആദ്യമായി ഷോപ്പുകളില്‍ നടക്കുന്ന മോഷണ കുറ്റകൃത്യങ്ങളുടെ എണ്ണം ഒരു വര്‍ഷത്തിനിടെ അര മില്ല്യണ്‍ കടന്നു. കഴിഞ്ഞ വര്‍ഷം പോലീസ് രേഖപ്പെടുത്തിയ 516,971 കേസുകള്‍ റെക്കോര്‍ഡാണ്. 2023-ലെ 429,873 കേസുകളില്‍ നിന്നുമാണ് ഈ കുതിപ്പ്.
അതേസമയം കേവലം 20 ശതമാനം കേസുകളില്‍ മാത്രമാണ് കുറ്റം ചുമത്തിയത്. പകുതിയോളം കേസുകളിലും പ്രതിയെ കണ്ടെത്താന്‍ പോലും കഴിയാതെ അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കുകള്‍ പുറത്തുവന്നതോടെയാണ് ഞെട്ടിപ്പിക്കുന്ന തോതില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ പരസ്യമായത്.
ഗ്രെഗ്‌സില്‍ നടക്കുന്ന മോഷണങ്ങളുടെ തോത് സണ്‍ അന്വേഷണത്തില്‍ പുറത്തുവിട്ടിരുന്നു. ബേക്ക്ഡ്, സ്വീറ്റ് ട്രീറ്റുകള്‍ വന്‍തോതില്‍ മോഷ്ടാക്കല്‍ കൈക്കലാക്കുമ്പോള്‍ ഇടപെടാന്‍ പോലും കഴിയാതെ ജീവനക്കാര്‍ നിസ്സഹായരാകുകയാണ്. പ്രതിവര്‍ഷം 2 ബില്ല്യണ്‍ പൗണ്ട് നഷ്ടം സൃഷ്ടിക്കുന്ന മോഷണങ്ങള്‍ക്കിടെ ജീവനക്കാര്‍ നേരിടുന്ന അതിക്രമങ്ങളും, കൈയ്യേറ്റങ്ങളും ഉയരുന്നതായി ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യത്തിലെ ടോം അയേണ്‍സൈഡ് ചൂണ്ടിക്കാണിച്ചു.
ഷോപ്പുകളിലെ മോഷണങ്ങള്‍ റെക്കോര്‍ഡ് തോതിലാണെന്ന് ഒഎന്‍എസ് കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ പ്രശ്‌നത്തിന്റെ യാഥാര്‍ത്ഥ്യം ഇതില്‍ വ്യക്തമാകുന്നില്ല. ഒരു ഷോപ്പില്‍ രണ്ട് തവണയെങ്കിലും ഇത് ആവര്‍ത്തിച്ചിട്ടുണ്ടെന്നതാണ് വസ്തുത. ഒരു മോഷണം നടക്കാതെ പോയാല്‍ ഭാഗ്യം എന്നാണ് ഷോപ്പ് ജീവനക്കാര്‍ ഇപ്പോള്‍ കരുതുന്നത്, അയേണ്‍സൈഡ് പറയുന്നു.