നോര്‍വിച്ച്: യു കെ യിലെ നോര്‍വിച്ചില്‍ നിര്യാതയായ നീണ്ടൂര്‍ മണ്ണാര്‍ക്കാട്ടില്‍ മേരിക്കുട്ടി ജെയിംസിനു ഇന്ന് സ്‌നേഹോഷ്മളമായ യാത്രാമൊഴിയേകും. കഴിഞ്ഞ രണ്ടു പതിറ്റാണ്ടോളം നോര്‍വിച്ച് മലയാളി സമൂഹത്തിലും, സെന്റ് തെരേസ ഓഫ് കല്‍ക്കട്ട ക്‌നാനായ ഇടവകയിലും, നീണ്ടൂര്‍ സംഗമത്തിലും സ്‌നേഹ സാന്നിദ്ധ്യമായിരുന്ന മേരിക്കുട്ടിക്ക് ഇന്ന് നോര്‍വിച്ചില്‍ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയാവും നല്‍കുക.
പൊതുദര്‍ശനം ഉച്ചക്ക് ഒരു മണി മുതല്‍ മൂന്നുമണിവരെയാണ് ക്രമീകരിച്ചിരിക്കുന്നത്. തുടര്‍ന്ന് അന്ത്യോപചാര തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുന്നതുമായിരിക്കും. നോര്‍വിച്ചില്‍ സെന്റ് ജോര്‍ജ്ജ് റോമന്‍ കത്തോലിക്കാ ദേവാലയത്തിലാണ് പൊതുദര്‍ശനത്തിനും, തിരുക്കര്‍മ്മങ്ങള്‍ക്കും ഉള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
ഗള്‍ഫിലായിരുന്ന മേരിക്കുട്ടിയുടെ കുടുംബം 2004 ലാണ് യു കെ യില്‍ എത്തുന്നത്. മേരിക്കുട്ടിയുടെ ഭര്‍ത്താവ് പരേതനായ നീണ്ടൂര്‍ മണ്ണാര്‍ക്കാട്ടില്‍ ജെയിംസ് നോര്‍വിച്ച് അസ്സോസ്സിയേഷന്‍ ഫോര്‍ മലയാളീസ് (NAM) സ്ഥാപക നേതാക്കളിലൊരാളായിരുന്നു. പരേതക്ക് 68 വയസ്സ് പ്രായമായിരുന്നു. ഞീഴൂര്‍ പാറയ്ക്കല്‍ കുടുംബാംഗം ആണ്. സഞ്ചു, സനു, സുബി എന്നിവര്‍ മക്കളും, അനൂജ,സിമി, ഹൃദ്യ എന്നിവര്‍ മരുമക്കളുമാണ്.
നോര്‍വിച്ച് ക്‌നാനായ കത്തോലിക്കാ ഇടവക വികാരി ഫാ. മാത്യൂസ് വലിയപുത്തന്‍പുരയിലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധബലിയും മരണാനന്തര ശുശ്രുഷകളും അര്‍പ്പിക്കും. സീറോമലബാര്‍ ഇടവക വികാരി ഫാ. ജിനു മുണ്ടനാടക്കല്‍, ക്‌നാനായ സുറിയാനി പള്ളി വികാരി ഫാ. ജോമോന്‍ പുന്നൂസ് എന്നിവര്‍ സഹകാര്‍മ്മീകത്വം വഹിക്കുന്നതാണ്.
വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം ഒരുക്കിയിരിക്കുന്ന അനുശോചന വേളയില്‍ മേരിക്കുട്ടി ജയിംസിന്റെ ജീവിതം അനുസ്മരിക്കുകയും, അനുശോചന സന്ദേശങ്ങള്‍ നല്‍കുകയും. തുടര്‍ന്ന് ബോഡി തിരിച്ചു മോര്‍ച്ചറിയിലേക്ക് കൊണ്ടു പോകുന്നതുമാണ്.
നിയമനടപടികള്‍ പൂര്‍ത്തിയാക്കി ബോഡി നാട്ടില്‍ എത്തിക്കുന്നതും, നീണ്ടൂര്‍ വി.മിഖായേല്‍ ക്‌നാനായ കത്തോലിക്കാ ദേവാലയ കുടുംബ കല്ലറയില്‍ സംസക്കരിക്കുന്നതുമാണ്.
പൊതുദര്‍ശനത്തിലും തിരുക്കര്‍മ്മങ്ങളിലും പങ്കു ചേര്‍ന്ന് വിടപറഞ്ഞ പ്രിയ സോദരിക്ക് യാത്രാമൊഴിയേകുവാനും, അനുശോചനവും അന്ത്യാഞ്ജലിലും അര്‍പ്പിക്കുന്നതിനും, നിത്യശാന്തി നേരുന്നതിനും ഉള്ള അവസരമാണ് നോര്‍വിച്ച് സെന്റ് ജോര്‍ജ്ജ് കത്തോലിക്ക ദേവാലയത്തില്‍ ഒരുക്കിയിരിക്കുന്നത്.
Venue :
St. George's R C Church, Sprowston Road, Norwich, Norfolk,
NR3 4HZ
Appachan Kannanchira