പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പ്രഖ്യാപിച്ച ഇമിഗ്രേഷന്‍ ധവളപത്രത്തിലെ വിവരങ്ങള്‍ കേട്ട് കൈയടിക്കുന്ന ഒരാള്‍ മാത്രമാണ് ബ്രിട്ടനിലുള്ളത്. അത് റിഫോം യുകെ നേതാവ് നിഗല്‍ ഫരാഗാണ്. സ്റ്റാര്‍മറുടെ പ്രഖ്യാപനങ്ങള്‍ കേട്ട് വളരെ ആസ്വദിച്ചെന്നും, ഞങ്ങളില്‍ നിന്നും താങ്കള്‍ ഒരുപാട് പഠിച്ചെന്നുമാണ് ഫരാഗ് പ്രധാനമന്ത്രിയെ പ്രശംസിച്ചത്.
എന്നാല്‍ ലേബര്‍ പാര്‍ട്ടി എംപിമാര്‍ പോലും പ്രധാനമന്ത്രിയുടെ കടുപ്പമേറിയ സ്വരത്തെ ഭയപ്പെടുന്നു. തങ്ങളുടെ മണ്ഡലത്തിലെ പലരും ഭാവിയെ സംബന്ധിച്ച് ആശങ്ക അറിയിച്ചതായി ഇവര്‍ പറയുന്നു. 2020 മുതല്‍ ബ്രിട്ടനില്‍ എത്തിയ വിദേശ ജോലിക്കാരുടെ പിആറിനെ ബാധിക്കുന്ന പ്രഖ്യാപനങ്ങളും സ്റ്റാര്‍മര്‍ പുറത്തുവിട്ട ധവളപത്രത്തിലുണ്ട്.
പെര്‍മനന്റ് സെറ്റില്‍മെറ്റിന് അഞ്ച് വര്‍ഷത്തെ താമസം മതിയായിരുന്നെങ്കില്‍ ഇത് പത്ത് വര്‍ഷമാക്കി ഉയര്‍ത്തിയതാണ് ഏകദേശം 1.5 മില്ല്യണ്‍ വിദേശ ജോലിക്കാര്‍ക്ക് കുരുക്കാകുന്നത്. ഈ വര്‍ഷം യോഗ്യത നേടുമായിരുന്ന വിദേശ കുടിയേറ്റക്കാര്‍ക്കും ഈ നിബന്ധന ബാധകമാകുമോയെന്ന് നിലവില്‍ സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം ഗ്രാജുവേറ്റ് പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയിലെ മാറ്റങ്ങള്‍ യൂണിവേഴ്‌സിറ്റികളിലേക്കുള്ള വിദേശ വിദ്യാര്‍ത്ഥികളുടെ ഒഴുക്കിനെ ബാധിക്കുമെന്ന് ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികള്‍ ഭയക്കുന്നു. രണ്ട് വര്‍ഷത്തെ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ 18 മാസമായി ചുരുക്കാനാണ് ധവളപത്രം നിഷ്‌കര്‍ഷിക്കുന്നത്.
ഇപ്പോള്‍ തന്നെ സാമ്പത്തിക ഞെരുക്കം നേരിടുന്ന യൂണിവേഴ്‌സിറ്റികള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുന്നത് വിദേശ വിദ്യാര്‍ത്ഥികളെ അകറ്റാന്‍ കാരണമാകുമെന്ന ആശങ്കയുണ്ട്. വിദേശത്ത് നിന്നുമെത്തുന്നവര്‍ 54% വിദ്യാര്‍ത്ഥികളായ കിംഗ്‌സ് കോളേജ് ലണ്ടന്‍ ഇനി എങ്ങനെ ഈ റിക്രൂട്ട്‌മെന്റ് തുടരുമെന്ന ചോദ്യമാണ് ഉന്നയിക്കുന്നത്.