ബ്രിട്ടനിലേക്കുള്ള ഇമിഗ്രേഷന്‍ വെട്ടിക്കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള ധവളപത്രം പുറത്തിറക്കി കീര്‍ സ്റ്റാര്‍മര്‍. കുടിയേറ്റക്കാര്‍ക്ക് പുതിയ ലാംഗ്വേജ് ടെസ്റ്റുകളും, വിസകള്‍ക്ക് നിയന്ത്രണവും ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയാണ് പ്രഖ്യാപനങ്ങള്‍. 'ഓരോ രാജ്യത്തിനും അതിന്റേതായ നിയമങ്ങളുണ്ട്. ഇതാണ് മൂല്യങ്ങള്‍ക്ക് രൂപം നല്‍കുന്നത്, അവകാശങ്ങളിലേക്ക് നയിക്കുന്നത്. പരസ്പരം ഉത്തരവാദിത്വങ്ങളുമുണ്ട്. നമ്മുടേത് പോലുള്ള വൈവിധ്യാത്മകമായ രാജ്യത്ത് നമ്മള്‍ അപരിചിതരുടെ ദ്വീപായി മാറുന്ന അപകടം നിലനില്‍ക്കുന്നു. ഒരുമിച്ച് മുന്നോട്ട് പോകേണ്ട ഒരു രാജ്യമായല്ല ഇപ്പോഴുള്ളത്', പ്രധാനമന്ത്രി ഡൗണിംഗ് സ്ട്രീറ്റില്‍ വ്യക്തമാക്കി.
യുകെയിലേക്കുള്ള ഭൂരിഭാഗം വിസകളിലും നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നുവെന്നാണ് സ്റ്റാര്‍മര്‍ പുറത്തുവിട്ട 69 പേജുള്ള ഇമിഗ്രേഷന്‍ ധവളപത്രത്തില്‍ വ്യക്തമാക്കുന്നത്. സ്റ്റഡി, വര്‍ക്ക് വിസകളിലെ മാറ്റങ്ങളും, ഇംഗ്ലീഷ് ഭാഷാ ടെസ്റ്റുകളും ഏര്‍പ്പെടുത്തുന്നതോടെ യുകെയില്‍ പ്രവേശിക്കുന്നവരുടെ എണ്ണത്തില്‍ 100,000-ഓളം കുറവ് വരുമെന്നാണ് ഹോം ഓഫീസ് നിരീക്ഷണം. 2029 ആകുന്നതോടെ നെറ്റ് മൈഗ്രേഷന്‍ 300,000-ലേക്ക് കുറയുമെന്നും ഇവര്‍ കണക്കാക്കുന്നു.
ഇമിഗ്രേഷന്‍ ധവളപത്രത്തില്‍ പറയുന്ന പ്രധാന ലക്ഷ്യങ്ങളും, മാറ്റങ്ങളും ഇവയാണ്:
1) നെറ്റ് മൈഗ്രേഷന്‍ കുറയും
നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കുമെന്നാണ് പ്രധാനമന്ത്രിയും, ഹോം സെക്രട്ടറി വെറ്റ് കൂപ്പറും അവകാശപ്പെടുന്നത്. എന്നാല്‍ ഇതില്‍ കൃത്യമായ എണ്ണം പങ്കുവെച്ചിട്ടില്ല. കണ്‍സര്‍വേറ്റീവുകള്‍ അതിര്‍ത്തി തുറന്നിട്ടതോടെ നെറ്റ് മൈഗ്രേഷന്‍ 900,000 വരെ കുതിച്ച് കയറിയിരുന്നുവെന്ന് സ്റ്റാര്‍മര്‍ ചൂണ്ടിക്കാണിച്ചു. ഇത് സാമ്പത്തിക വളര്‍ച്ചയെ സഹായിക്കുന്നതിന് പകരം, പൊതുസേവനങ്ങളില്‍ സമ്മര്‍ദം സൃഷ്ടിച്ചതായാണ് പ്രധാനമന്ത്രിയും, ഹോം സെക്രട്ടറിയും പറയുന്നത്.
2) സ്‌കില്‍ഡ് വിസാ റൂട്ട് കടുപ്പിക്കും
സ്‌കില്‍ഡ് വര്‍ക്കര്‍ വിസ ലഭിക്കാനുള്ള യോഗ്യത കടുപ്പിക്കുന്നതാണ് പ്രധാന മാറ്റം. നിലവില്‍ റെഗുലേറ്റഡ് ക്വാളിഫിക്കേഷന്‍സ് ഫ്രേംവര്‍ക്ക് (ആര്‍ക്യുഎഫ്) 3 അനുസരിച്ച് ഏകദേശം എ-ലെവലായിരുന്നു യോഗ്യത. എന്നാല്‍ ഇത് ആര്‍ക്യുഎഫ് 6, അഥവാ ഡിഗ്രി തലത്തിലേക്ക് ഉയരും.
ആര്‍ക്യുഎഫ് 3-5 വരെ സ്‌കില്‍ഡ് വര്‍ക്കര്‍ വിസകള്‍ അനുവദിക്കുമെങ്കിലും ഇതിന് സമയപരിധി ഏര്‍പ്പെടുത്തും. ആഭ്യന്തര ജീവനക്കാരുടെ ക്ഷാമം നേരിടുന്നതായി ഗവണ്‍മെന്റ് മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി സ്ഥിരീകരിക്കുകയും വേണം.
3) സോഷ്യല്‍ കെയര്‍ വിസ
സ്‌കില്‍ഡ് വിസയിലെ മാറ്റങ്ങള്‍ ഇതില്‍ പ്രതിഫലിക്കുമെങ്കിലും സോഷ്യല്‍ കെയര്‍ വര്‍ക്കിന് ഇനി വിദേശ റിക്രൂട്ട്‌മെന്റ് ഉണ്ടാകില്ലെന്ന് ധവളപത്രം വ്യക്തമാക്കി. 2028 വരെ ഒരു ട്രാന്‍സിഷന്‍ കാലയളവ് അനുവദിച്ചിട്ടുണ്ട്. അതുവരെ വിസാ കാലാവധി നീട്ടാനും, നിലവില്‍ രാജ്യത്തുള്ള വിദേശ പൗരന്‍മാര്‍ക്ക് സോഷ്യല്‍ കെയര്‍ ജോലികളിലേക്ക് മാറാനും കഴിയും.
യുകെ ജീവനക്കാര്‍ക്ക് ആകര്‍ഷണീയമാക്കാന്‍ സോഷ്യല്‍ കെയര്‍ മേഖല പരിഷ്‌കരിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ ജീവനക്കാരുടെ ക്ഷാമത്തിലേക്കാണ് കാര്യങ്ങള്‍ നയിക്കുകയെന്ന് ചില വിഭാഗങ്ങള്‍ ആശങ്കപ്പെടുന്നു.
4) സ്റ്റുഡന്റ് വിസ
നെറ്റ് മൈഗ്രേഷന്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രധാന സംഭാവന നല്‍കിയ വിദ്യാര്‍ത്ഥികള്‍ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയ്ക്കും സുപ്രധാനമാണെന്ന് ധവളപത്രം സമ്മതിക്കുന്നു. 20 ബില്ല്യണ്‍ പൗണ്ടാണ് വിദേശ വിദ്യാര്‍ത്ഥികള്‍ രാജ്യത്തിന് സമ്മാനിക്കുന്നത്. ഇതിലും സാരമായ മാറ്റങ്ങള്‍ക്കാണ് കളമൊരുങ്ങുന്നത്.
താഴ്ന്ന റാങ്കിലുള്ള സ്ഥാപനങ്ങളിലേക്ക് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ വരുന്നത് ആശങ്കയാണ്. ഇവര്‍ കോഴ്‌സ് കഴിഞ്ഞും യുകെയില്‍ തുടരുന്നു. സ്‌പോണ്‍സര്‍ ചെയ്യുന്ന സ്ഥാപനങ്ങളുടെ അടിസ്ഥാന നിബന്ധന പരിശോധനകളാണ് കര്‍ശനമാക്കുന്നത്. വിസ അനുവദിക്കുന്ന ശതമാനത്തില്‍ ലക്ഷ്യം നിര്‍ണ്ണയിക്കുക, എന്റോള്‍ ചെയ്യുകയും, കോഴ്‌സ് പൂര്‍ത്തിയാക്കുകയും ചെയ്യുന്നതിലും അനുപാതം നിര്‍ണ്ണയിക്കും. ഹൃസ്വകാല ഭാഷാ കോഴ്‌സുകള്‍ വഴി എത്തുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ വിസാ റൂട്ട് പുനഃപ്പരിശോധിക്കും.
5) ഭാഷാ പ്രാവീണ്യം
വിസാ കാലാവധി നീട്ടാനും, സെറ്റില്‍മെന്റിനും അപേക്ഷിക്കുന്നവര്‍ക്ക് ഇംഗ്ലീഷ് ഭാഷ കാലക്രമത്തില്‍ മെച്ചപ്പെട്ടതായി തെളിയിക്കേണ്ടി വരും. ഇതിന്റെ ഭാഗമായി ജോലിക്കാര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും ഒപ്പമെത്തുന്ന മുതിര്‍ന്ന ഡിപ്പന്റന്‍ഡ്‌സിന് അടിസ്ഥാന ഇംഗ്ലീഷ് സ്‌കില്ലുകള്‍ തെളിക്കേണ്ടി വരും.
6) സെറ്റില്‍മെന്റിന് കൂടുതല്‍ കാത്തിരിപ്പ്
മാറുന്ന നിയമങ്ങള്‍ പ്രകാരം അഞ്ച് വര്‍ഷത്തിന് പകരം പത്ത് വര്‍ഷത്തെ താമസം പൂര്‍ത്തിയാക്കുന്നവര്‍ക്കാണ് സെറ്റില്‍മെന്റിന് അപേക്ഷിക്കാന്‍ കഴിയുക.
7) കുറ്റകൃത്യങ്ങളും, നാടുകടത്തലും
കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ നാടുകടത്തുന്നത് എളുപ്പമാക്കുന്ന നിബന്ധനകളും പ്രഖ്യാപനത്തിലുണ്ട്. നിലവില്‍ ഒരു വര്‍ഷമെങ്കിലും ശിക്ഷ കിട്ടിയാലാണ് നാടുകടത്തല്‍ പരിഗണിക്കുക. എന്നാല്‍ ഇത് എല്ലാ കുറ്റകൃത്യങ്ങളും ഇതിനായി പരിഗണിക്കും, പ്രത്യേകിച്ച് ലൈംഗിക കുറ്റകൃത്യങ്ങള്‍.
8) ഫീസ് ഉയര്‍ത്തും
ഇമിഗ്രേഷന്‍ സ്‌കില്‍സ് ചാര്‍ജ്ജ് 32% വര്‍ദ്ധിപ്പിക്കുമെന്ന് രേഖയില്‍ പറയുന്നു. വിദേശ ജോലിക്കാരെ സ്‌കില്‍ഡ് വിസയിലും, സമാന റൂട്ടിലും എത്തിക്കാന്‍ എംപ്ലോയര്‍ നല്‍കുന്ന ഫീസാണിത്.
9) ഇ-ഐഡന്റിറ്റി കാര്‍ഡ്
നിലവിലെ ബയോമെട്രിക് റസിഡന്‍സ് പെര്‍മിറ്റ് കാര്‍ഡിന് പകരം വിദേശ പൗരന്‍മാര്‍ക്ക് പുതിയ ഇലക്ട്രോണിക് ഐഡന്റിറ്റി സിസ്റ്റം നടപ്പാക്കും. ഇ-വിസാ സിസ്റ്റം ദീര്‍ഘിപ്പിച്ചാണ് ഇത് നടപ്പാക്കുക.