കപ്പിനും, ചുണ്ടിനുമിടയില്‍ നഷ്ടപ്പെടുക എന്നൊരു പ്രയോഗമുണ്ട്, കായികമത്സരങ്ങളില്‍ തലനാരിഴയ്ക്ക് കപ്പ് നഷ്ടമാകുമ്പോഴാണ് ഇത് ഉപയോഗിക്കുന്നത്. എന്നാല്‍ ബ്രിട്ടനില്‍ ഇമിഗ്രേഷന്‍ നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി പൗരത്വം പിആര്‍ ലഭിക്കാനുള്ള വ്യവസ്ഥകള്‍ പുതുക്കുന്നതിനാല്‍ 'ജീവിതത്തിനും, സ്വപ്‌നത്തിനും ഇടയില്‍ കപ്പ് നഷ്ടമാകുന്ന' അവസ്ഥയിലാണ് മലയാളികള്‍ ഉള്‍പ്പെടെ 1 മില്ല്യണിലേറെ കുടിയേറ്റക്കാര്‍.
പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പുതിയ പരിഷ്‌കാരം പ്രഖ്യാപിച്ചതോടെ ഒരു മില്ല്യണിലേറെ കുടിയേറ്റക്കാര്‍ക്ക് അഞ്ച് വര്‍ഷം കൂടി അധികം കാത്തിരുന്നെങ്കില്‍ മാത്രമാണ് പെര്‍മനന്റ് റസിഡന്‍സിന് അവകാശം ലഭിക്കുകയെന്നതാണ് സ്ഥിതി. തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ലേബറിന്റെ ഇമിഗ്രേഷന്‍ പരിഷ്‌കാരങ്ങള്‍ക്ക് രാജ്യത്ത് നിലവിലുള്ള കുടിയേറ്റക്കാര്‍ക്കിടയില്‍ സാരമായ പ്രത്യാഘാതം സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് വ്യക്തമാകുന്നത്.
2020 മുതല്‍ രാജ്യത്ത് എത്തിയ വിദേശ ജോലിക്കാര്‍ക്ക് ബാധകമാകുന്ന ഈ നിബന്ധന ഹോം ഓഫീസ് പരിശോധിച്ച് വരികയാണെന്നാണ് റിപ്പോര്‍ട്ട്. പെര്‍മനന്റ് റസിഡന്‍സ് നേടുന്നതിന്റെ അരികില്‍ എത്തി നില്‍ക്കുന്ന ഒരു മില്ല്യണിലേറെ പേരുണ്ടെന്ന് ഗവണ്‍മെന്റ് ശ്രോതസ്സുകള്‍ തന്നെ സമ്മതിക്കുന്നു. ഈ ഘട്ടത്തിലാണ് പരിഷ്‌കരണങ്ങള്‍ ഇവരെ ബാധിക്കുന്നത് കൈവിട്ട് പോകാതിരിക്കാന്‍ ശ്രമം നടക്കുന്നത്.
നിലവിലെ നിയമപ്രകാരം വിദേശ ജോലിക്കാര്‍ യുകെയില്‍ അഞ്ച് വര്‍ഷം തുടര്‍ന്ന് താമസിച്ചാല്‍ 'ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിനായി' അപേക്ഷിക്കാം. എന്നാല്‍ പരിഷ്‌കാരം പ്രഖ്യാപിച്ചതോടെ ഈ അഞ്ച് വര്‍ഷം പത്തായാണ് വര്‍ദ്ധിച്ചത്. ആയിരങ്ങളെ ബാധിക്കുമെന്നതിനാല്‍ പരിഷ്‌കാരത്തില്‍ ചിലര്‍ക്ക് ഇളവ് വേണോ, അതോ എല്ലാവരും കാത്തിരിക്കണോ എന്ന വിഷയത്തിലാണ് റിവ്യൂ നടക്കുന്നത്. 2020 ജനുവരി മുതല്‍ 2024 ഡിസംബര്‍ വരെ ഏകദേശം 1.5 മില്ല്യണ്‍ വിദേശ ജോലിക്കാര്‍ക്കാണ് വിസ ലഭിച്ചത്.