നിയമപരമായി ബ്രിട്ടനിലേക്ക് കുടിയേറുന്നവര്‍ക്കും, പഠിക്കാനെത്തുന്നവര്‍ക്കും കാര്യങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടാക്കുന്ന തിരക്കിലാണ് ലേബര്‍ ഗവണ്‍മെന്റ്. എന്നാല്‍ ഒരു നിയമവും പാലിക്കാതെ, നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തി അനധികൃതമായി അതിര്‍ത്തി കടക്കുന്ന വര്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുന്ന ദിവസവും അനസ്യൂതം ബ്രിട്ടീഷ് മണ്ണില്‍ വന്നിറങ്ങിയത് ഗവണ്‍മെന്റിന് നാണക്കേടായി.
ശാന്തമായ സമുദ്രത്തിന്റെ അനുകൂല സാധ്യത പ്രയോജനപ്പെടുത്തി അഞ്ഞൂറിലേറെ അനധികൃത കുടിയേറ്റക്കാരാണ് ബ്രിട്ടനിലേക്ക് കടന്നത്. അതിര്‍ത്തിയുടെ നിയന്ത്രണം തിരിച്ചുപിടിക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റില്‍ സ്റ്റാര്‍മര്‍ പ്രഖ്യാപിക്കുമ്പോഴാണ് ഇതൊന്നും കാര്യമാക്കാതെ അനധികൃത കുടിയേറ്റക്കാര്‍ ഒഴുകുന്നത്.
ഇന്നലെ എത്തിച്ചേര്‍ന്നവരുടെ കണക്ക് കൂടി ചേരുമ്പോള്‍ ഈ വര്‍ഷം 12,000 പേരോളമാണ് ചെറുബോട്ടുകളില്‍ ചാനല്‍ കടന്നെത്തിയത്. ഇത് കീര്‍ സ്റ്റാര്‍മറുടെ പ്രഖ്യാപനങ്ങളുടെ തിളക്കവും കെടുത്തി. ചെറുബോട്ടുകളില്‍ മനുഷ്യക്കടത്ത് നടത്തുന്ന സംഘങ്ങളെ തകര്‍ക്കുമെന്ന ഗവണ്‍മെന്റ് വാഗ്ദാനവും എങ്ങുമെത്തിയിട്ടില്ലെന്ന് ഇത് തെളിയിക്കുന്നു.
2025 അനധികത കുടിയേറ്റക്കാര്‍ കടന്നുകയറിയ മറ്റൊരു റെക്കോര്‍ഡ് വര്‍ഷമാകുമെന്നാണ് കരുതുന്നത്. ഡോവറില്‍ വന്നിറങ്ങിയ അനധികൃത കുടിയേറ്റക്കാര്‍ സന്തോഷപൂര്‍വ്വം ബസുകളില്‍ പോകുന്ന ചിത്രങ്ങളും പുറത്തുവന്നു. സ്റ്റാര്‍മര്‍ ലണ്ടനില്‍ വാഗ്ദാനങ്ങള്‍ നല്‍കുമ്പോള്‍ യാഥാര്‍ത്ഥ്യം ഇതാണെന്ന് റിഫോം യുകെ നേതാവ് നിഗല്‍ ഫരാഗ് പ്രതികരിച്ചു.