CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 45 Minutes 47 Seconds Ago
Breaking Now

എലിയെ പേടിച്ച് ഇല്ലം ചുടരുത്! സ്റ്റാര്‍മറുടെ കുടിയേറ്റ നിയന്ത്രണം പണിയാകുമെന്ന് ബിസിനസ്സുകളും, പബ്ലിക് സര്‍വ്വീസുകളും; സോഷ്യല്‍ കെയര്‍ മുതല്‍ ഹെല്‍ത്ത്, യൂണിവേഴ്‌സിറ്റി, കണ്‍സ്ട്രക്ഷന്‍ മേഖലകള്‍ വരെ പദ്ധതിയുടെ ആഘാതത്തില്‍ ആശങ്കയില്‍; വിദേശ കെയറര്‍മാര്‍ക്ക് ഇനി പ്രവേശനമില്ല

യുകെ കെയര്‍ മേഖലയിലെ കാല്‍ശതമാനം ജോലിക്കാരും ബ്രിട്ടീഷ് ഇതര രാജ്യക്കാരാണ്

എലിയെ പേടിച്ച് ഇല്ലം ചുട്ടത് പോലെയാണ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ അവസ്ഥ. നിഗല്‍ ഫരാഗിന്റെ റിഫോം യുകെ ലോക്കല്‍ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം നടത്തിയതോടെ സടകുടഞ്ഞ് എഴുന്നേറ്റ ലേബര്‍ ഇതുവരെ മെല്ലെപ്പോക്കില്‍ വെച്ചിരുന്ന ഇമിഗ്രേഷന്‍ നിയന്ത്രണം എടുത്ത് വീശുകയാണ്. എന്നാല്‍ ഇത് ബാധിക്കുന്നതാകട്ടെ ബ്രിട്ടനെ സംബന്ധിച്ച് സുപ്രധാനമായ എല്ലാ മേഖലകളെയുമാണ്. സോഷ്യല്‍ കെയര്‍, ഹോസ്പിറ്റാലിറ്റി, ആരോഗ്യം, യൂണിവേഴ്‌സിറ്റികള്‍, കണ്‍സ്ട്രക്ഷന്‍ മേഖല എന്നിവിടങ്ങളെല്ലാം പദ്ധതിയുടെ പ്രത്യാഘാതത്തെ കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ്. 

കുടിയേറ്റ ജോലിക്കാര്‍ ഇല്ലാതെ വന്നാല്‍ ഈ മേഖലകളില്‍ യോഗ്യതയുള്ളവരുടെ ക്ഷാമം നേരിടുകയും പൊളിഞ്ഞടുങ്ങുകയും ചെയ്യുമെന്നാണ് ആശങ്ക. യുകെയില്‍ നിന്നുള്ളവരെ കണ്ടെത്താന്‍ നിക്ഷേപിക്കുന്നതിന് പകരം വിദേശത്ത് നിന്നും ലാഭത്തില്‍ ജോലിക്കാരെ കൊണ്ടുവരുന്നതില്‍ ബിസിനസ്സുകള്‍ അഡിക്റ്റായി മാറിയെന്നാണ് സ്റ്റാര്‍മര്‍ ആരോപിക്കുന്നത്. 

പുതിയ നിയന്ത്രണങ്ങള്‍ പ്രാവര്‍ത്തികമാകാന്‍ ബിസിനസ്സുകള്‍ക്ക് യുകെയില്‍ റിക്രൂട്ട്‌മെന്റ് നടത്താനും, പരിശീലനം നല്‍കാനും അടിയന്തര സഹായനടപടികള്‍ സ്വീകരിക്കാന്‍ ഗവണ്‍മെന്റ് തയ്യാറാകേണ്ടി വരുമെന്ന് വ്യാപാര സംഘടനകളും, ബിസിനസ്സുകളും വ്യക്തമാക്കി. സോഷ്യല്‍ കെയര്‍ മേഖലയാണ് സ്റ്റാര്‍മറുടെ പ്രഖ്യാപനത്തില്‍ ഏറ്റവും ആശങ്കപ്പെടുന്നത്. 

'ആയിരക്കണക്കിന് പ്രായമായവരും, വൈകല്യങ്ങള്‍ ബാധിച്ചവരും അന്താരാഷ്ട്ര ജോലിക്കാരെ ആശ്രയിച്ചാണ് പരിചരണവും, പിന്തുണയും നേടുന്നത്. കമ്പനികള്‍ ആളുകളെ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന തസ്തികകളില്‍ ഇവരാണ് വരുന്നത്. വ്യക്തമായ പദ്ധതിയില്ലാതെ പുതിയ ജോലിക്കാരെ വിലക്കുന്നത് വൃദ്ധരെയും, വൈകല്യങ്ങള്‍ ബാധിച്ചവരെയും, അവരുടെ കുടുംബങ്ങളെയും, എംപ്ലോയര്‍മാരെയും ആശങ്കയിലാക്കുകയാണ്', അസോസിയേഷന്‍ ഓഫ് ഡയറക്ടേഴ്‌സ് ഓഫ് അഡല്‍റ്റ് സോഷ്യല്‍ സര്‍വ്വീസസ് പ്രസിഡന്റ് ജെസ് മക്ഗ്രിഗോര്‍ പറഞ്ഞു. 

യുകെ കെയര്‍ മേഖലയിലെ കാല്‍ശതമാനം ജോലിക്കാരും ബ്രിട്ടീഷ് ഇതര രാജ്യക്കാരാണ്. വിദേശത്ത് നിന്നും ജോലിക്കാരെ റിക്രൂട്ട് ചെയ്യാന്‍ കഴിയുന്നത് കൊണ്ടാണ് സിസ്റ്റം തകരാതെ ഇരിക്കുന്നതെന്ന് യുണീഷന്‍ ട്രേഡ് യൂണിയനും ചൂണ്ടിക്കാണിച്ചു. 

ഡോക്ടര്‍മാരുടെയും, നഴ്‌സുമാരുടെയും വിഷയത്തില്‍ നിലവില്‍ ധവളപത്രത്തില്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടുന്നില്ല. വിദേശ ഹെല്‍ത്ത് ജീവനക്കാരെ മന്ത്രിമാര്‍ നിരോധിച്ചിട്ടില്ലെങ്കിലും എന്‍എച്ച്എസ് മേധാവികള്‍ ആശങ്കയിലാണ്. ഇമിഗ്രേഷന്‍ സിസ്റ്റത്തില്‍ വരുന്ന മാറ്റങ്ങള്‍ ആശുപത്രികളെയും, ജിപി സര്‍ജറികളെയും ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് എന്‍എച്ച്എസ് എംപ്ലോയേഴ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഡാനി മോര്‍ട്ടൈമര്‍ വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.