എന്‍എച്ച്എസ് എ&ഇകളില്‍ രോഗികള്‍ക്ക് ചികിത്സയ്ക്കായി കാത്തിരിക്കേണ്ടി വരുന്ന ദുരിതം ഒരു പതിവ് ചിത്രമാണ്. ട്രോളികളിലും, ആംബുലന്‍സുകള്‍ക്ക് പിന്നിലുമായി വേദനയോടെ, മരണത്തെ പുല്‍കുമെന്ന ഭീതിയോടെ രോഗികള്‍ക്ക് കാത്തിരിക്കേണ്ടി വരുന്നത് ഭയാനകമായ അവസ്ഥയാണ്. എന്നാല്‍ ഈ കാത്തിരിപ്പ് ആയിരക്കണക്കിന് പേരുടെ ജീവന്‍ കവരാനും കാരണമാകുന്നുവെന്നതാണ് വസ്തുത.
കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ 16,600-ലേറെ രോഗികള്‍ക്ക് അനാവശ്യമായി ജീവന്‍ നഷ്ടമാക്കിയത് എ&ഇകളിലെ ഈ സുദീര്‍ഘമായ കാത്തിരിപ്പ് മൂലമാണെന്ന് ഞെട്ടിക്കുന്ന പഠനങ്ങള്‍ പറയുന്നു. റോയല്‍ കോളേജ് ഓഫ് എമര്‍ജന്‍സി മെഡിസിന്‍ നടത്തിയ പരിശോധനയിലാണ് ഭയാനകമായ തോതില്‍ ജീവന്‍ പൊലിയുന്നതായി വ്യക്തമായത്.
ആഴ്ചയില്‍ 320 പേര്‍ക്ക് വീതമാണ് ഈ വിധം ജീവന്‍ നഷ്ടമാകുന്നത്. 2023-ലെ കണക്കുകളെ അപേക്ഷിച്ച് 20 ശതമാനമാണ് ഇതിന്റെ വര്‍ദ്ധന. രോഗികള്‍ ട്രോളിയില്‍ കാത്തിരിക്കാന്‍ നിര്‍ബന്ധിതമാകുകയും, ഡോക്ടര്‍മാര്‍ വാര്‍ഡില്‍ ഒരു ബെഡ് ലഭ്യമാകാന്‍ കാത്തിരിക്കുകയും ചെയ്യുന്നതാണ് ഇവരെ മരണത്തിലേക്ക് തള്ളിവിടുന്നത്.
'അനാവശ്യ മരണങ്ങളുടെ തോത് വ്യക്തമാക്കാന്‍ വാക്കുകളില്ല. ആഴ്ചയില്‍ രണ്ട് വിമാനങ്ങള്‍ അപകടത്തില്‍ പെടുന്നതിന് തുല്യമാണ് സ്ഥിതി. ഈ ഹൃദയം തകര്‍ക്കുന്നതാണ്, കാരണം ഇത് വെറും കണക്ക് മാത്രമല്ല. ഓരോ എണ്ണവും ഒാരോ കുടുംബത്തിനും പ്രിയപ്പെട്ട ഒരാളെ നഷ്ടമാക്കുകയാണ്. സിസ്റ്റത്തിലെ പ്രതിസന്ധിയാണ് ഈ മരണത്തിന് ഇടയാക്കുന്നത്. ഈ രോഗികള്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലെ ഇടനാഴിയില്‍ സമയം എണ്ണം കാത്തിരുന്നവരാണ്', കോളേജ് പ്രസിഡന്‍ര് ഡോ. അഡ്രിയാന്‍ ബോയല്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം 1.7 മില്ല്യണിലേറെ രോഗികളാണ് എ&ഇയില്‍ അഡ്മിറ്റ് ചെയ്യാനും, ഡിസ്ചാര്‍ജ്ജിനും, ട്രാന്‍സ്ഫറിനുമായി 12 മണിക്കൂറിലേറെ കാത്തിരുന്നത്. ഇതില്‍ 69.2 ശതമാനം പേരും വാര്‍ഡില്‍ കൂടുതല്‍ ചികിത്സകള്‍ക്കായി പ്രവേശിപ്പിക്കേണ്ടവരായിരുന്നു.