വിവാഹ തട്ടിപ്പ് കേസിലെ പ്രതി എറണാകുളം കാഞ്ഞിരമറ്റം സ്വദേശി രേഷ്മ(35)യുടെ ലക്ഷ്യം പണമായിരുന്നില്ലെന്ന് പൊലീസ്. നിരവധിപ്പേരെ വിവാഹം കഴിച്ചെങ്കിലും അവരില്‍ നിന്ന് പണം തട്ടാനുള്ള ശ്രമങ്ങളൊന്നും രേഷ്മ നടത്തിയിട്ടില്ലെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. പലരും വിവാഹത്തിന് താലി മാത്രമാണ് കെട്ടിയത്. സ്വര്‍ണമാല ഉണ്ടായിരുന്നില്ല. നിത്യച്ചെലവിനും യാത്രയ്ക്കുമുള്ള പണം മാത്രമാണ് യുവതി വിവാഹം കഴിച്ചവരില്‍ നിന്ന് വാങ്ങിയത്. കൃത്യമായ സമയക്രമം തയ്യാറാക്കി ഇവര്‍ ഭര്‍ത്താക്കന്മാരെയും കാമുകന്മാരെയും ദിവസവും വിളിച്ചിരുന്നു.
2014-ല്‍ പ്രണയിച്ചാണ് ആദ്യ വിവാഹം കഴിച്ചത്. എന്നാല്‍ ഇയാളുമായി പിരിഞ്ഞു. പിന്നീട് പഠനം തുടര്‍ന്നു. 2022-ല്‍ സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട പാലക്കാട് സ്വദേശിയെ വിവാഹം കഴിച്ചു. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഇദ്ദേഹം വിദേശത്തേക്കു പോയി. ശേഷം 2022-ല്‍ തന്നെ വൈക്കം സ്വദേശിയെ വിവാഹം കഴിച്ചു. കാലടി സര്‍വകലാശാലയിലെ തിരുവനന്തപുരം കേന്ദ്രത്തില്‍ താത്കാലിക ജോലിക്ക് വരുന്നതിനിടയില്‍ ട്രെയിനില്‍വെച്ചാണ് വൈക്കം സ്വദേശിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് 2023-ല്‍ പാലക്കാട് സ്വദേശിയുടെ പരിചയക്കാരനായ കൊല്ലം സ്വദേശിയുമായി വിവാഹം. വിവാഹത്തിന് മുമ്പ് തന്നെ ഇവര്‍ ഒരുമിച്ചു താമസിക്കുകയായിരുന്നു. ഈ ബന്ധത്തിലാണ് ഒരാണ്‍കുഞ്ഞുള്ളത്.
പിന്നീട് ബിഹാറില്‍ അധ്യാപികയായി ജോലി നോക്കി. 2024-ല്‍ കേരളത്തില്‍ രേഷ്മ തിരിച്ചെത്തി. ശേഷമാണ് രണ്ടുപേരെ വിവാഹം കഴിച്ചത്. പിന്നീട് മൂന്നുപേരുമായി വിവാഹം നിശ്ചയിച്ചു. യുഎസില്‍ നഴ്സായ തൊടുപുഴ സ്വദേശിയെ 2025 ഫെബ്രുവരി 19-ന് വിവാഹം കഴിച്ചു. മാര്‍ച്ച് ഒന്നിന് വാളകം സ്വദേശിയെ വിവാഹം കഴിച്ചു. ശേഷം കോട്ടയം സ്വദേശിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്നാണ് ആര്യനാട്ടുള്ള പഞ്ചായത്തംഗവും തിരുമല സ്വദേശിയായ യുവാവുമായുമുള്ള വിവാഹം തീരുമാനിച്ചത്. ഇവരെയെല്ലാം രേഷ്മ പരിചയപ്പെട്ടത് മാട്രിമോണിയല്‍ വൈബ്സൈറ്റ് വഴിയാണ്.
വിവാഹം കഴിച്ച രണ്ടുപേരുമായും കോട്ടയം സ്വദേശിയുമായും ഒരേസമയം നല്ല സൗഹൃദമാണ് രേഷ്മ പുലര്‍ത്തിയിരുന്നത്. രേഷ്മയുടെ അമ്മയും കുഞ്ഞും വാളകം സ്വദേശിക്കൊപ്പമാണ് താമസിക്കുന്നത്. രേഷ്മ കൂടുതലായും താമസിച്ചിരുന്നത് തൊടുപുഴയിലെ വീട്ടിലാണ്. തൊടുപുഴ സ്വദേശി വിവാഹം കഴിഞ്ഞ് ഏതാനും ദിവസത്തിനുള്ളില്‍ തിരിച്ച് വിദേശത്തേക്കു പോയി. ഇയാളുടെ കുടുംബവുമായും അടുത്ത സൗഹൃദം. കോട്ടയം സ്വദേശിയാണ് രേഷ്മയെ ഇരു വീടുകളിലേക്കും കൊണ്ടാക്കിയിരുന്നത്. ആര്യനാട്ടെ കല്യാണത്തിന്റെ തലേദിവസം ഇവര്‍ തമ്മില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അമ്പലം അടച്ചതിനാല്‍ നടന്നില്ല. ആര്യനാട്ടെ കല്യാണത്തിനായി രേഷ്മയെ വെമ്പായത്ത് കൊണ്ടാക്കിയതും കോട്ടയം സ്വദേശിയാണ്.
വിവാഹങ്ങള്‍ നടത്തിയത് പണത്തിനുവേണ്ടിയല്ലെന്നും സ്‌നേഹത്തിനുവേണ്ടിയാണെന്നുമായിരുന്നു രേഷ്മ നല്‍കിയിരുന്ന മൊഴി. പൊലീസ് ആദ്യം ഇക്കാര്യം വിശ്വസിച്ചില്ല. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ ഇതു സത്യമാണെന്നാണ് തെളിയുന്നത്.
തന്നെ ജയിലില്‍ അടയ്ക്കണമെന്നും പുറത്തിറങ്ങിയാല്‍ തട്ടിപ്പ് ആവര്‍ത്തിക്കുമെന്നും രേഷ്മ പൊലീസിനോട് പറഞ്ഞിരുന്നു. സ്‌നേഹം ലഭിക്കാനാണ് കൂടുതല്‍ പേരെ വിവാഹം ചെയ്തതെന്നും മൊഴിയിലുണ്ടായിരുന്നു. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍നിന്ന് ന്യായം എന്ന വിഷയത്തില്‍ പിഎച്ച്ഡി ചെയ്യുകയാണെന്നാണ് രേഷ്മ പൊലീസിനോടു പറഞ്ഞത്. സംസ്‌കൃത സര്‍വകലാശാലയില്‍നിന്ന് 2017-19 കാലഘട്ടത്തില്‍ ബിരുദാനന്തര ബിരുദം നേടിയതായും പറയുന്നു.
ആര്യനാട് പഞ്ചായത്ത് അംഗത്തിനെ വിവാഹം കഴിക്കാനിരിക്കുമ്പോഴായിരുന്നു രേഷ്മയുടെ തട്ടിപ്പ് പുറത്തുവന്നത്. അടുത്തമാസം വിവാഹം കഴിക്കാനിരുന്ന യുവാവിനൊപ്പമാണ് രേഷ്മ ഈ വിവാഹത്തിനെത്തിയതെന്നതായിരുന്നു ട്വിസ്റ്റ്. ഈ യുവാവായിരുന്നു കോട്ടയത്തു നിന്നും യുവതിയെ വെമ്പായത്ത് എത്തിച്ചത്.
ആര്യനാടുള്ള ബന്ധുവീട്ടില്‍ പോകുന്നു എന്നായിരുന്നു യുവാവിനോട് പറഞ്ഞിരുന്നത്. ഇതൊന്നും അറിയാതെയായിരുന്നു യുവാവിന്റെ തിരുവനന്തപുരം യാത്ര. പതിനൊന്നാമത്തെ വിവാഹം കഴിക്കാനിരിക്കയാണ് യുവതി പിടിയിലായത്. ബാഗില്‍ സൂക്ഷിച്ചിരുന്ന മുന്‍ വിവാഹങ്ങളുടെ രേഖകളാണ് രേഷ്മയെ കുടുക്കിയത്.