CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 20 Minutes 39 Seconds Ago
Breaking Now

അമ്മ കാന്‍സര്‍ രോഗി, രണ്ടു കുഞ്ഞുങ്ങള്‍, ലണ്ടനിലെ നഴ്‌സ് ജോലി മതിയാക്കി നാട്ടില്‍ സര്‍ക്കാര്‍ ജോലിയില്‍ കയറി കുടുംബത്തിനൊപ്പം കഴിയാനുള്ള രഞ്ജിതയുടെ ആഗ്രഹം ബാക്കിയായി മടക്കം

ലണ്ടനിലെ നഴ്‌സ് ജോലി മതിയാക്കി നാട്ടില്‍ തിരികെയെത്തി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചതായിരുന്നു രഞ്ജിത.

അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച രഞ്ജിത നായര്‍ നാട്ടിലെത്തിയത് സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്നതിന്റെ നടപടിക്രമത്തിന്റെ ഭാഗമായി ഒപ്പ് രേഖപ്പെടുത്താനെന്ന് കുടുംബം. ലണ്ടനിലെ നഴ്‌സ് ജോലി മതിയാക്കി നാട്ടില്‍ തിരികെയെത്തി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചതായിരുന്നു രഞ്ജിത. അതിന്റെ നടപടിക്രമത്തിന്റെ ഭാഗമായായാണ് ഒരാഴ്ചത്തെ അവധിയെടുത്ത് നാട്ടിലെത്തിയത്. 

രണ്ട് കുട്ടികള്‍ അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു വിമാന അപകടത്തില്‍ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിത. ഒറ്റ നിമിഷം കൊണ്ടാണ് രഞ്ജിതയുടെ രണ്ട് മക്കളും അമ്മയും അനാഥരായത്. വീടിന്റെ ഏക പ്രതീക്ഷ ആയിരുന്നു രഞ്ജിത. 2014 ല്‍ സലാലയില്‍ നഴ്‌സ് ആയി ജോലി തുടങ്ങി. അതിനിടെ പി.എസ്.സി പഠനം. 2019 ല്‍ ആരോഗ്യ വകുപ്പില്‍ ജോലി കിട്ടി. 

 ഏഴുമാസം മുന്‍പാണ് ലണ്ടനിലേക്ക് മാറിയത്. മക്കളോടൊപ്പം കഴിയണമെന്ന് ഏറെ ആഗ്രഹിച്ചാണ് വീട് പണി തുടങ്ങിയത്. 

വീടുപണി പൂര്‍ത്തിയായാല്‍ നാട്ടില്‍ തിരികെ എത്തി സര്‍ക്കാര്‍ ജോലിയില്‍ വീണ്ടും പ്രവേശിക്കാനായിരുന്നു പദ്ധതി. പലപ്പോഴായി എത്തി നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. രണ്ട് മാസം മുമ്പും വന്നു പോയതാണ്. ചില രേഖകളില്‍ സ്വയംസാക്ഷ്യപ്പെടുത്തല്‍ ആവശ്യമായിരുന്നു. അതിന് വേണ്ടി മാത്രമാണ് ഇക്കുറി എത്തിയതെന്നും പറയുന്നു. ക്യാന്‍സര്‍ രോഗിയായ അമ്മ തുളസിയും രണ്ട് മകളെയും താമസിച്ചിരുന്ന വീട് നന്നേ ചെറിയതായിരുന്നു. രണ്ട് മുറി എങ്കിലും പൂര്‍ത്തിയാക്കി പുതിയ വീട്ടിലേക്ക് അവരെ മാറ്റണമെന്നായിരുന്നു ആഗ്രഹം. 28 ന് പാല്കച്ചല്‍ ചടങ്ങ് പോലും തീരുമാനിച്ചു. 

ഓണം ആകുമ്പോഴേക്കും തിരികെ എത്തി ഇനിയുള്ള കാലം നാട്ടില്‍ ജോലി ചെയ്തു മക്കളോടൊപ്പം കഴിയാം എന്നും രഞ്ജിത ആഗ്രഹിച്ചിരുന്നു.  വീട്ടില്‍ നിന്ന് പോകുമ്പോഴും ആ സന്തോഷം മക്കളുമായി പങ്കുവെച്ചാണ് ഇറങ്ങിയത്. ഇന്നലെ ഉച്ചയോടെ വിയോഗ വാര്‍ത്തയാണ് കുടുംബത്തെ തേടി എത്തിയതു. പത്താം ക്ലാസില്‍ പഠിക്കുകയാണ് രഞ്ജിതയുടെ മകന്‍ ഇന്ദുചൂഡന്‍. ഏഴാം ക്ലാസിലാണ് മകള്‍ ഇതിക. വിവാഹമോചിതയായ രഞ്ജിതയ്ക്ക് രണ്ട് സഹോദരങ്ങളുമുണ്ട്. ഡിഎന്‍എ പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാകും മൃതദേഹം നാട്ടിലേക്ക് എത്തിക്കുക. അതിനായി സഹോദരന്‍ അഹമ്മദാബാദിലേക്ക് തിരിക്കും.

 




കൂടുതല്‍വാര്‍ത്തകള്‍.