അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിത ജി നായരെ അപമാനിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ പവിത്രനാണ് ഫെയ്‌സ്ബുക്കില്‍ രഞ്ജിതയെ കുറിച്ച് മോശം കമന്റിട്ടത്. വിവാദമായതോടെ ഇയാള്‍ കമന്റ് പിന്‍വലിച്ചു. വിഷയത്തില്‍ റവന്യൂ വകുപ്പ് നടപടി എടുക്കുന്നതിന് കാസര്‍കോട് ജില്ലാകളക്ടറെ ചുമതലപ്പെടുത്തി. മുമ്പ് റവന്യൂ മന്ത്രിയായിരുന്ന ഇ ചന്ദ്രശേഖരനെ സോഷ്യല്‍ മീഡിയയിലൂടെ അവഹേളിച്ചതിന് പവിത്രനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
അതേസമയം അപകടത്തില്‍ കൊല്ലപ്പെട്ട രഞ്ജിതയുടെ മൃതദേഹം ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം നാട്ടിലേയ്ക്ക് എത്തിക്കും. അതിനായി രജ്ഞിതയുടെ സഹോദരങ്ങളായ രഞ്ജിത്തും രതീഷും അഹമ്മദാബാദിലെ ആശുപത്രിയിലേക്ക് പോകും. തിരുവല്ല തഹസില്‍ദാറില്‍ നിന്ന് രേഖകള്‍ കൈപ്പറ്റിയശേഷമായിരിക്കും അഹമ്മദാബാദിലേക്ക് യാത്ര തിരിക്കുക. സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് അതിന്റെ നടപടിക്രമങ്ങള്‍ക്കായിട്ടായിരുന്നു ചുരുങ്ങിയ ദിവസത്തെ അവധിക്കായി രഞ്ജിത നാട്ടിലെത്തിയത്. സര്‍ക്കാര്‍ ജോലിയെന്ന സ്വപ്നം പൂവണിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു രഞ്ജിത. ലണ്ടനില്‍ തിരികെയെത്തി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വീണ്ടും നാട്ടിലെത്തി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാനായിരുന്നു രഞ്ജിത തീരുമാനിച്ചിരുന്നത്.