കോഴിക്കോട് മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസില്‍ പ്രതികളായ രണ്ടു പൊലീസുകാര്‍ കസ്റ്റഡിയില്‍. പൊലീസ് ഡ്രൈവര്‍മാരായ ഷൈജിത്തും, സനിത്തുമാണ് കസ്റ്റഡിയില്‍ ഉള്ളത്. താമരശ്ശേരിയില്‍ വച്ചാണ് നടക്കാവ് പൊലീസ് ഇവരെ കസ്റ്റഡയിലെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് സര്‍വീസില്‍ നിന്ന് ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇവര്‍ ഒളിവില്‍ പോയിരുന്നു. പിടിയിലായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സെക്‌സ് റാക്കറ്റുമായി നേരിട്ട് ബന്ധമുണ്ടെന്നും സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നും കണ്ടെത്തിയിരുന്നു.
തുടര്‍ന്നായിരുന്നു ഇരുവരെയും അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. അതേസമയം പ്രതികളെ ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കും. നടത്തിപ്പുകാരായ മൂന്നു പേര്‍ ഉള്‍പ്പടെ ഒന്‍പത് പേരെയായിരുന്നു ഈ സെക്സ് റാക്കറ്റ് കേന്ദ്രത്തിലെ പരിശോധനയില്‍ പിടികൂടിയത്.