200 രാജ്യങ്ങളുമായി പുതിയ വ്യാപാര കരാറുകളില്‍ ഒപ്പ് വെക്കും എന്ന് പ്രഖ്യാപിച്ച ട്രംപ് ഭരണകൂടം ഇതുവരെ പ്രാവര്‍ത്തികമാക്കിയത് മൂന്ന് കരാറുകള്‍ മാത്രം. അതിനിടെ പകരം തീരുവ ഓഗസ്റ്റ് ഒന്ന് മുതല്‍ ചുമത്തുമെന്ന മുന്നറിയിപ്പുമായി ഏഴ് രാജ്യങ്ങള്‍ക്ക് കൂടി വൈറ്റ് ഹൗസ് കത്ത് അയച്ചു.
രണ്ടാമൂഴത്തില്‍ 100 ദിവസം പിന്നിട്ട വേളയിലാണ് 200 രാജ്യങ്ങളുമായി കരാറില്‍ ഏര്‍പ്പെടുമെന്ന വന്‍ പ്രഖ്യാപനം ട്രംപ് നടത്തിയത്. വൈറ്റ് ഹൌസിലെ മുതിര്‍ന്ന ഉപദേശകന്‍ പീറ്റര്‍ നവാരോ പറഞ്ഞത് 90 ദിവസത്തില്‍ 90 കരാറുകള്‍ എന്നാണ്. ജൂലൈ 9ന് ആ സമയ പരിധി അവസാനിച്ചു. എന്നാല്‍ ഇതുവരെ യുഎസ് പ്രഖ്യാപിച്ചത് മൂന്ന് വ്യാപാര കരാറുകള്‍ മാത്രം. ചൈന, യുകെ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളുമായി. ബാക്കി രാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടക്കുന്നു എന്നാണ് വിശദീകരണം.
യൂറോപ്യന്‍ യൂണിയനുമായി പോലും വ്യാപാര കരാര്‍ ഉടനെ ഉണ്ടാകുമെന്ന് വൈറ്റ് ഹൌസ് പറയുന്നു. വ്യാപാര കരാറുകള്‍ക്ക് കൂടുതല്‍ സമയം നല്‍കാന്‍ സമയ പരിധി ഓഗസ്ത് 1 വരെ നീട്ടുകയും ചെയ്തു. ഇതിനിടയില്‍ കരാറുകള്‍ നടപ്പിലായില്ലെങ്കില്‍ പകര തീരുവ ഏര്‍പ്പെടുത്തും എന്നാണ് പ്രഖ്യാപനം.
ഇന്നലെ ഏഴ് രാജ്യങ്ങള്‍ക്ക് കൂടി വൈറ്റ് ഹൌസ് പകര തീരുവ ഏര്‍പ്പെടുത്തുമെന്ന മുന്നറിയിപ്പ് നല്‍കി. ഫിലിപ്പൈന്‍സ്, ശ്രീലങ്ക, ബ്രൂണെ അടക്കമുള്ള രാജ്യങ്ങള്‍. ദക്ഷിണ കൊറിയയും ജപ്പാനും അടക്കമുള്ള രാജ്യങ്ങള്‍ക്ക് നേരത്തെ കത്തെഴുതിയിരുന്നു. രണ്ട് പട്ടികയിലും ഇന്ത്യ ഇല്ല. ഇന്ത്യയുമായി ഹ്രസ്വ വ്യാപാര കരാറിനുള്ള ഒരുക്കത്തിലാണ് വൈറ്റ് ഹൌസ്. അതേസമയം നിരന്തരം മാറിക്കൊണ്ടിരിക്കുന്ന വ്യാപാര കരാര്‍ പ്രഖ്യാപനങ്ങള്‍ ആഗോള സാമ്പത്തിക രംഗത്ത് ഉണ്ടാക്കുന്ന ആശങ്ക ചെറുതല്ല.