യുവാവ് മുന്‍ ലിവ് ഇന്‍ പാട്‌നറേയും സുഹൃത്തിന്റെ ആറുമാസം പ്രായമുള്ള കുഞ്ഞിനേയും കൊലപ്പെടുത്തി. ദില്ലിയിലാണ് ദാരുണമായ സംഭവം. 23 വയസുകാരനായ നിഖില്‍ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സോനാല്‍ ആര്യ എന്ന യുവതിയേയും ആര്യയുടെ സുഹൃത്തായ ദുര്‍ഗേഷ് കുമാറിന്റെ മകളേയുമാണ് നിഖില്‍ ക്രൂരമായി കൊലപ്പെടുത്തിയത്. ലിവ് ഇന്‍ പാട്‌നര്‍ ആയിരുന്ന സോനാല്‍ ഗര്‍ഭഛിദ്രം നടത്തിയതിന്റെ പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഫുഡ് ഡെലിവറി ഏജന്റായി ജോലി ചെയ്യുന്നയാളാണ് നിഖില്‍.
സോനാലിന്റെ സുഹൃത്തായ രശ്മി ദേവിയുടെ ഭര്‍ത്താവാണ് ദുര്‍ഗേഷ്. ആര്യ ഇവരുടെ കൂടെയാണ് കുറച്ച് നാളുകളായി താമസിക്കുന്നത്. സോനാലിനെ ഗര്‍ഭഛിദ്രത്തിന് ദുര്‍ഗേഷാണ് സാഹായിച്ചത് എന്നാണ് നിഖില്‍ ധരിച്ചു വച്ചിരുന്നത്. ഈ പകയാണ് ആറുമാസം മാത്രം പ്രായമായ കുഞ്ഞിന്റെ ജീവനെടുത്തത്. സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ചാണ് നിഖില്‍ രണ്ടുപേരേയും കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.
2023 ലാണ് സോനാലും നിഖിലും പരിചയപ്പെടുന്നത്. തുടര്‍ന്ന് സോനാല്‍ ഗര്‍ഭിണിയാവുകയും ഒരു കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ കുഞ്ഞിനെ ഇവര്‍ വില്‍ക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. നിലവില്‍ സോനാലിന്റെ കുടുംബക്കാര്‍ പറയുന്നത് നിഖില്‍ ശാരീരികമായി ആര്യയെ ഉപദ്രവിക്കുമായിരുന്നെന്നും അതിനാല്‍ സോനാല്‍ നിഖിലുമായി അകന്നു താമസിച്ചു എന്നുമാണ്. നിഖിലിനെതിരെ സിവില്‍ ലൈന്‍ പൊലീസ് സ്റ്റേഷനില്‍ ജൂണ്‍ 24 ന് ആര്യ പരാതി നല്‍കിയിട്ടുമുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.