മേയ് മാസത്തില്‍ രാജ്യത്തെ ജിഡിപിക്ക് വീണ്ടും തളര്‍ച്ച. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്ക് പ്രകാരം ജിഡിപി 0.1 ശതമാനമാണ് ചുരുങ്ങിയത്. സമ്പദ് വ്യവസ്ഥ വളരുന്നതും കാത്തിരിക്കുന്ന ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിനും, നികുതിവേട്ടയില്‍ നിന്നും രക്ഷപ്പെടാന്‍ പ്രതീക്ഷിച്ചിരിക്കുന്ന പൊതുജനത്തിനും ഈ വാര്‍ത്ത പ്രശ്‌നമാണ്.
ഏപ്രില്‍ മാസത്തില്‍ 0.3 ശതമാനം താഴ്ന്ന ശേഷമാണ് മേയ് മാസത്തില്‍ സമ്പദ് വ്യവസ്ഥ വീണ്ടും ചുരുങ്ങിയത്. ഓട്ടം ബജറ്റില്‍ വീണ്ടുമൊരു നികുതി വേട്ട ഉണ്ടാകുമെന്ന ആശങ്കയും ശക്തമായി. വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ സമ്പദ് വ്യവസ്ഥ സാമ്പത്തിക പ്രതിസന്ധിയെ ഉറ്റുനോക്കുന്നുവെന്നാണ് ഭീതി പടരുന്നത്.
2022-ല്‍ ജിഡിപി 0.1 ശതമാനം താഴ്ന്നപ്പോള്‍ അന്ന് പ്രതിപക്ഷത്തായിരുന്ന റേച്ചല്‍ റീവ്‌സ് അടിയന്തര ബജറ്റ് അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ ഭരണപക്ഷത്ത് റീവ്‌സ് ചാന്‍സലറായി ഇരിക്കുന്ന ഘട്ടത്തില്‍ ജിഡിപി ഇടിഞ്ഞുതാഴുമ്പോഴും വളര്‍ച്ചയെ ഉത്തേജിപ്പിക്കുമെന്ന് ആവര്‍ത്തിക്കുക മാത്രമാണ് ചെയ്യുന്നത്.
പണ്ടത്തെ ഉപദേശം മറന്നോ, സ്വന്തം ഉപദേശം മറന്നാല്‍ രാജ്യം എങ്ങനെ ഇവരെ പിന്തുടരും, ടോറികള്‍ പരിഹസിച്ചു. കണക്കുകള്‍ നിരാശാജനകമാണെന്ന് ചാന്‍സലര്‍ സമ്മതിക്കുന്നു. നിര്‍മ്മാണ മേഖലയിലാണ് വീണ്ടും ഇടിവ് രേഖപ്പെടുത്തിയത്. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചുവെന്ന് വ്യക്തമാകുമ്പോള്‍ പുതിയ ഭവനങ്ങളുടെ നിര്‍മ്മാണവും അസ്ഥിരപ്പെടുന്നുവെന്നാണ് ആശങ്ക.
2022-ല്‍ ജിഡിപി 0.1% താഴ്ന്നപ്പോള്‍ റേച്ചല്‍ റീവ്‌സ് എമര്‍ജന്‍സി ബജറ്റ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ തുടര്‍ച്ചയായി രണ്ട് മാസങ്ങളില്‍ സമ്പദ് വ്യവസ്ഥ ചുരുങ്ങിയപ്പോള്‍ അവര്‍ മറ്റ് പല കാര്യങ്ങളുമാണ് പറയുന്നത്, ഷാഡോ ചാന്‍സലര്‍ മെല്‍ സ്‌ട്രൈഡ് ചൂണ്ടിക്കാണിച്ചു.