യുവരാഷ്ട്രീയ നേതാവിനെതിരായ വെളിപ്പെടുത്തലില്‍ ഉറച്ച് നില്‍ക്കുന്നതായി നടി റിനി ആന്‍ ജോര്‍ജ്. ഇപ്പോള്‍ പേര് വെളിപ്പെടുത്താന്‍ തയാറല്ലെന്നും ആ നേതാവ് ക്രിമിനല്‍ ബുദ്ധിയുള്ളയാളാണെന്നും റിനി പറഞ്ഞു. സൈബര്‍ ആക്രമണം നേരിടുന്നുണ്ട്. ആ നേതാവിന്റെ ഭാഗത്ത് നിന്നടക്കമാണ് സൈബര്‍ ആക്രമണം ഉണ്ടാകുന്നത്. അത് അദ്ദേഹത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കുകയെ ഉള്ളൂവെന്ന് റിനി ആന്‍ ജോര്‍ജ് വ്യക്തമാക്കി.
തന്റെ ഭാഗത്ത് സത്യമുണ്ടെന്നും താന്‍ ഈ ആരോപണം ഉന്നയിച്ച ശേഷം ഒരുപാട് സ്ത്രീകള്‍ തന്നെ വിളിച്ചിരുന്നതായും റിനി മാധ്യമങ്ങളോട് പറഞ്ഞു. പലര്‍ക്കും ഇയാളില്‍ നിന്നും ദുരനുഭവം നേരിട്ടിട്ടുണ്ട്. ഒരു രാഷ്ട്രീയ നേതാവ് ഇങ്ങനെയാകാമോയെന്നും സംഘടനാപരമായ നടപടി ആ നേതാവിനെതിരെ എടുക്കുന്ന കാര്യത്തില്‍ ആ പാര്‍ട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്നും റിനി പറഞ്ഞു.
എല്ലാം ഞാന്‍ അനുഭവിച്ചത് മാത്രം. ദേഷ്യപ്പെട്ടിട്ടും പിന്നെയും തുടര്‍ന്നു. കൂടുതല്‍ പറയുന്നില്ല. ഇത്തരത്തില്‍ മുന്നോട്ട് പോകുന്നവരെ രാഷ്ട്രീയത്തില്‍ വെച്ച് പൊറുപ്പിക്കരുതെന്ന് റിനി പറഞ്ഞു. ഇന്നലെയായിരുന്നു യുവ രാഷ്ട്രീയ നേതാവിനെതിരെ വെളിപ്പെടുത്തലുമായി റിനി രംഗത്തെത്തിയത്.
അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നും ശരിയല്ലെന്ന് പറഞ്ഞിട്ടും വീണ്ടും തുടര്‍ന്നുവെന്നുമാണ് ആരോപണം. എന്നാല്‍ ആരോപണവിധേയനായ വ്യക്തിയുടെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു.
സോഷ്യല്‍ മീഡിയ വഴിയാണ് ഇയാളുമായി പരിചയമുള്ളത്. തുടക്കം മുതല്‍ മോശം മെസേജുകള്‍ അയച്ചു. ഇത് ശരിയല്ലെന്ന് പറഞ്ഞിട്ടും അയാള്‍ അത് തുടര്‍ന്നു. മൂന്നര വര്‍ഷം മുന്‍പാണ് ആദ്യമായി മെസേജ് അയച്ചത്. അതിനുശേഷമാണ് അയാള്‍ ജനപ്രതിനിധിയായത്. അയാള്‍ കാരണം മറ്റു ബുദ്ധിമുട്ടുകള്‍ ഇല്ലാത്തത് കൊണ്ടാണ് പരാതിയുമായി മുന്നോട്ട് പോകാത്തത്.
പരാതിയുള്ളവര്‍ അതുമായി മുന്നോട്ടു പോകട്ടെയെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു. ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നും യുവ നടി വെളിപ്പെടുത്തി. ഇയാളെ പറ്റി പാര്‍ട്ടിയിലെ പല നേതാക്കളോടും പറഞ്ഞിരുന്നു. നേതൃത്വത്തോട് പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ പോയി പറയുവെന്നായിരുന്നു മറുപടി.
ഇത്തരത്തിലുള്ള ആളുകളെ ഇനിയും സ്ഥാനങ്ങളില്‍ എത്തിക്കരുതെന്ന് മാത്രം പറയുകയാണെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു.