വിമാനത്തില്‍ കൊണ്ടുപോവുകയായിരുന്ന ഒരു മൃതദേഹത്തിന്റെ പെട്ടിക്ക് മുകളില്‍ 'എക്‌സ്ട്രീം ഹെവി' എന്ന് എഴുതിയ, ആനയുടെ ചിത്രം പതിച്ച സ്റ്റിക്കര്‍ പതിപ്പിച്ചതില്‍ ഇന്‍ഡിഗോയ്‌ക്കെതിരെ വിമര്‍ശനം. ചിത്രം വൈറലായതോടെ, 'ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താന്‍ യാതൊരു ഉദ്ദേശ്യവുമില്ല' എന്ന് ഇന്‍ഡിഗോ വൃത്തങ്ങള്‍ പ്രതികരിച്ചു. മറ്റൊരു തരത്തിലാണ് ഇത് മനസിലാക്കിയതെങ്കില്‍ ആത്മാര്‍ത്ഥമായി ഖേദിക്കുന്നുവെന്നും ഇന്‍ഡിഗോ കൂട്ടിച്ചേര്‍ത്തു.
ഹിരവ് എന്ന ഉപയോക്താവാണ് ചിത്രം എക്‌സില്‍ പങ്കുവെച്ചത്. 'ഇത് വിഡ്ഢിത്തമായി തോന്നിയേക്കാം, പക്ഷേ @IndiGo6E, മനുഷ്യന്റെ മൃതദേഹം കൊണ്ടുപോകുമ്പോള്‍, 'എക്‌സ്ട്രീം ഹെവി' എന്ന ലേബലില്‍ ആനയുടെ ചിത്രം ഉപയോഗിക്കുന്നത് നിങ്ങള്‍ മാറ്റേണ്ടതുണ്ട്. യാത്രയായ വ്യക്തിയോടുള്ള ബഹുമാനത്തിന് വേണ്ടി മാത്രം.' - ഹിരിവ് കുറിച്ചു. മൃതദേഹം കൊണ്ടുപോകുന്ന ഏജന്‍സി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ നിന്നാണ് ചിത്രം ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദില്ലിയില്‍ നിന്ന് പട്നയിലേക്കാണ് രേഖകളും പാസ്പോര്‍ട്ടുമടങ്ങിയ ഈ മൃതദേഹം കൊണ്ടുപോയത്.
സംഭവത്തില്‍ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനമുയരുന്നുണ്ട്.