വെള്ളിയാഴ്ച ജുമാ നമസ്‌കാരം നടത്താന്‍ ആളുകള്‍ ഒത്തുകൂടുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന ആശങ്കയെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വ്യാഴാഴ്ച ഉച്ച മുതല്‍ നിര്‍ത്തിവച്ചു. ഒക്ടോബര്‍ 2 ന് ഉച്ചകഴിഞ്ഞ് 3 മുതല്‍ ഒക്ടോബര്‍ 4 ന് ഉച്ചകഴിഞ്ഞ് 3 വരെ ബറേലിയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു. ആശങ്കയെ തുടര്‍ന്ന് ബറേലി ഡിവിഷനിലെ നാല് ജില്ലകളിലും സുരക്ഷ ശക്തമാക്കി. തെരുവുകളില്‍ സേനയെ വിന്യസിച്ചു. നിരീക്ഷണം ശക്തമാക്കാന്‍ ഡ്രോണുകളും വിന്യസിച്ചു. ആറായിരത്തിലേറെ പൊലീസുകാരെയാണ് നഗരത്തില്‍ വിന്യസിച്ചത്.
ബറേലിയില്‍ 'ഐ ലവ് മുഹമ്മദ്' മാര്‍ച്ചിനിടെ അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്നാണ് സംഘര്‍ഷ സാധ്യതയുണ്ടായത്. സാഹചര്യങ്ങള്‍ കണക്കിലെടുത്ത് 48 മണിക്കൂര്‍ ഇന്റര്‍നെറ്റ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് സിറ്റി മജിസ്‌ട്രേറ്റ് ആലങ്കാര്‍ അഗ്‌നിഹോത്രി പറഞ്ഞു. കഴിഞ്ഞ ആഴ്ച വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം നടന്ന 'ഐ ലവ് മുഹമ്മദ്' എന്ന വിവാദത്തെ തുടര്‍ന്ന് നടന്ന പ്രകടനത്തിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് മുന്‍കരുതല്‍. സംഭവത്തില്‍ ഇതുവരെ, പ്രാദേശിക പുരോഹിതനും ഇത്തിഹാദ്-ഇ-മില്ലത്ത് കൗണ്‍സില്‍ പ്രസിഡന്റുമായ തൗഖീര്‍ റാസ ഖാന്‍, അദ്ദേഹത്തിന്റെ അടുത്ത അനുയായികളായ ഡോ. നഫീസ് ഖാന്‍, നദീം ഖാന്‍ എന്നിവരുള്‍പ്പെടെ 80 ലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇമാമുമാരോടും പൊതുജനങ്ങളോടും സമാധാനം നിലനിര്‍ത്താനും കിംവദന്തികള്‍ ഒഴിവാക്കാനും അധികാരികളുമായി സഹകരിക്കാനും ദര്‍ഗ അല ഹസ്രത്തിലെ സുന്നി മര്‍കസില്‍ നിന്ന് ജമാഅത്ത് റാസ-ഇ-മുസ്തഫ ദേശീയ വൈസ് പ്രസിഡന്റ് സല്‍മാന്‍ ഹസന്‍ ഖാന്‍ അഭ്യര്‍ത്ഥിച്ചു. വെള്ളിയാഴ്ച പ്രഭാഷണങ്ങളില്‍ ഐക്യത്തിനായി പ്രത്യേക ആഹ്വാനം നടത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.