പബ്ബില്‍ കയറി ഒരു പിന്റ് കഴിക്കാന്‍ ഇനി ഐഡി കാര്‍ഡ് വേണ്ടിവരുമെന്ന് സൂചന. വിവാദമായ സ്‌കീം ജീവിതത്തിന്റെ എല്ലാ ഭാഗത്തും അടിച്ചേല്‍പ്പിക്കാന്‍ ലേബര്‍ ഗവണ്‍മെന്റ് നീക്കം നടത്തുന്നുവെന്ന് പ്രധാനമന്ത്രിയുടെ വാക്കുകള്‍ തന്നെ സൂചിപ്പിച്ചിരുന്നു. ഇതിനിടയിലാണ് യുവാക്കള്‍ പബ്ബില്‍ എത്തുമ്പോള്‍ പിന്റ് വാങ്ങാന്‍ ഡിജിറ്റല്‍ ഐഡികള്‍ രേഖയായി കാണിക്കേണ്ട നിലയിലേക്ക് കാര്യങ്ങള്‍ എത്തുന്നത്.
മദ്യം വാങ്ങുമ്പോള്‍ പ്രായം തെളിയിക്കാന്‍ ഫിസിക്കല്‍ രേഖകളാണ് നിലവില്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇതിന് പകരം ഡിജിറ്റല്‍ ഐഡി കാര്‍ഡുകള്‍ ഉപയോഗിക്കാമെന്നാണ് അധികൃതര്‍ നിര്‍ദ്ദേശിക്കുന്നത്. അനധികൃതമായി ജോലി ചെയ്യുന്നത് തടയാനായി കൊണ്ടുവരുമെന്ന് നിര്‍ദ്ദേശിച്ചിരുന്ന പദ്ധതിയാണ് ഇപ്പോള്‍ വ്യാപകമാക്കുന്നത്.
കേന്ദ്രീകൃത ഡിജിറ്റല്‍ ഡാറ്റാബേസ് വഴി പ്രായം തെളിയിക്കുന്ന രേഖയുടെ പേരില്‍ ഗവണ്‍മെന്റിന് വ്യക്തികളുടെ പ്രവൃത്തികളും, മദ്യപാന ശീലങ്ങളും ഉള്‍പ്പെടെ മനസ്സിലാക്കുന്ന നിലയിലേക്ക് മാറുമെന്ന് വിമര്‍ശകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ലേബറിന്റെ ഡിജിറ്റല്‍ ഐഡി അജണ്ട 'ബിഗ് ബ്രദര്‍' പരിപാടിയിലേക്ക് എത്തുമെന്നാണ് മുന്‍ ടോറി ക്യാബിനറ്റ് മന്ത്രി ഗാവിന്‍ വില്ല്യംസണ്‍ ആരോപിക്കുന്നത്.
'ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍ പ്രകാരം ഗവണ്‍മെന്റിന് കൂടുതല്‍ ഉദ്ദേശങ്ങളുണ്ടെന്നാണ് മനസ്സിലാകുന്നത്. നിങ്ങളൊരു പബ്ബില്‍ പോകുന്നതും, എന്തെല്ലാം വാങ്ങുന്നുവെന്നുമൊക്കെ ഗവണ്‍മെന്റ് അറിയേണ്ട കാര്യം എന്താണ്? ഇത് അപകടകരമാണ്. ഇതൊന്നും അനധികൃത ജോലി തടയാന്‍ ഉപകരിക്കില്ല. ഇത് സാധാരണ ജനങ്ങളുടെ ജീവിതത്തിലേക്ക് ഉളിഞ്ഞ് നോക്കാനാണ് പ്രയോജനം ചെയ്യുക', വില്ല്യംസണ്‍ ചൂണ്ടിക്കാണിച്ചു.