ലണ്ടന്‍. ലണ്ടനിലെ ടാവിസ്റ്റോക്ക് സ്‌ക്വയറിലെ മഹാത്മാ ഗാന്ധി പ്രതിമയ്ക്ക് നേരെ നടന്ന ആക്രമണത്തെ ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ അപലപിച്ചു. ഒക്ടോബര്‍ രണ്ടിന് ?ഗാന്ധി ജയന്തി ആഘോഷങ്ങള്‍ നടക്കാനിരിക്കെ പ്രതിമയ്ക്ക് നേരെ നടന്ന ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുകെ കേരള ചാപ്റ്റര്‍ പ്രസിഡന്റ് സുജു കെ ഡാനിയേല്‍ മേയര്‍ക്ക് നല്‍കിയ കത്തിനെ തുടര്‍ന്നാണ് സാദിഖ് ഖാന്‍ സംഭവവത്തില്‍ ദുഃഖം രേഖപ്പെടുത്തി മറുപടി നല്‍കിയത്. പ്രതിമയുടെ നശീകരണം പൂര്‍ണ്ണമായും അംഗീകരിക്കാന്‍ കഴിയാത്തത് ആണെന്നും സംഭവത്തെ തുടര്‍ന്ന് യുകെയിലെ ഇന്ത്യന്‍ സമൂഹത്തിന് ഉണ്ടായ ദു:ഖത്തിനും വേദനക്കും ഹൃദയപൂര്‍വ്വം ക്ഷമ ചോദിക്കുന്നുവെന്നും മേയറുടെ ഓഫീസ് മറുപടി നല്‍കി.
ലണ്ടനില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമ സന്ദര്‍ശിക്കുന്ന അനേകം ആളുകള്‍ക്ക് ഉണ്ടായ വൈകാരിക ബന്ധത്തെ മേയറും ഓഫിസും ഗൗരവമായി മനസ്സിലാക്കുന്നുവെന്നും മറുപടി കത്തില്‍ പരാമര്‍ശം ഉണ്ടായി. പ്രതിമയ്ക്കുണ്ടായ നാശനഷ്ടം വരുത്തല്‍ ഒരു ക്രിമിനല്‍ പ്രവൃത്തിയാണെന്നും മെട്രോപൊളിറ്റന്‍ പൊലീസ് സംഭവത്തെ അതീവ ഗൗരവത്തോടെ കാണുന്നുവെന്നും അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുക ആണെന്നും മേയറുടെ ഓഫീസ് അറിയിച്ചു. അന്വേഷണത്തിന്റെ പുരോഗതിയെ കുറിച്ച് മെറ്റ് പൊലീസ് കമ്മീഷണറും മുതിര്‍ന്ന നേതൃസംഘവും പങ്കെടുക്കുന്ന യോഗങ്ങളില്‍ മേയര്‍ ചര്‍ച്ച നടത്തുമെന്നും ഓഫീസ് അറിയിച്ചു. ഗാന്ധി പ്രതിമയ്ക്ക് നേരെയുണ്ടായ നശീകരണത്തെ ശക്തമായി അപലപിക്കുന്നതായും അക്രമികള്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഗ്ലോബല്‍ കമ്മിറ്റി ചെയര്‍മാന്‍ സാം പിത്രോഡ, യുകെ നാഷനല്‍ കമ്മിറ്റി പ്രസിഡന്റ് കമല്‍ ദലിവാള്‍, ജനറല്‍ സെക്രട്ടറി വിക്രം ദുഹാന്‍ എന്നിവരും ആവശ്യപ്പെട്ടിരുന്നു.
ബിജു കുളങ്ങര