
















ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനിലെ റസിഡന്റ് ഡോക്ടര്‍മാര്‍ വീണ്ടും പണിമുടക്കുന്നു. തുടര്‍ച്ചയായി അഞ്ച് ദിവസം പണിമുടക്കുമെന്നാണ് ബിഎംഎ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹെല്‍ത്ത് സെക്രട്ടറി രംഗത്തെത്തി.
രോഗികളെ അപകടത്തിലാക്കുകയും, വെയ്റ്റിംഗ് ലിസ്റ്റ് കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടിലാകുകയും ചെയ്യുന്ന ഗുരുതരമായ സംഭാവനയാണ് യൂണിയന്‍ സമ്മാനിക്കുന്നതെന്ന് ഹെല്‍ത്ത് സെക്രട്ടറി കുറ്റപ്പെടുത്തി. നവംബര്‍ 14 മുതല്‍ 19 വരെ അഞ്ച് ദിവസം തുടര്‍ച്ചയായി നടക്കുന്ന പണിമുടക്ക് രാവിലെ 7ന് ആരംഭിക്കും.
എന്‍എച്ച്എസിലെ പകുതിയോളം വരുന്ന ഡോക്ടര്‍മാര്‍ റസിഡന്റ് ഡോക്ടര്‍മാരാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇവര്‍ക്ക് 28.9 ശതമാനം ശമ്പളവര്‍ദ്ധനവാണ് ലഭിച്ചിട്ടുള്ളത്. വിന്ററിലേക്ക് പ്രവേശിക്കുന്ന ഘട്ടത്തില്‍ പണിമുടക്കുന്നത് ഗുരുതരമായ തടസ്സങ്ങള്‍ സൃഷ്ടിക്കുമെന്ന് ഹെല്‍ത്ത് മേധാവികള്‍ മുന്നറിയിപ്പ് നല്‍കുന്നു. സാധാരണയായി രോഗികളുടെ എണ്ണം കുതിച്ചുയരുന്ന ഘട്ടം കൂടിയാണ് വിന്റര്‍.
നിലവിലെ ശമ്പളവര്‍ദ്ധനവ് കൂടി ചേരുന്നതോടെ റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് 49,000 പൗണ്ട് വരെ ശമ്പളം ലഭിക്കുന്നത്. മെഡിക്കല്‍ സ്‌കൂളില്‍ നിന്നിറങ്ങി ആദ്യ വര്‍ഷമാണിത്. കൂടുതല്‍ പരിചയസമ്പന്നരായ റസിഡന്റ് ഡോക്ടര്‍മാര്‍ പ്രതിവര്‍ഷം 97,000 പൗണ്ട് വരെയും വരുമാനം നേടുന്നുണ്ട്. കണ്‍സള്‍ട്ടന്റായി യോഗ്യത നേടുന്നതോടെ ഇത് വീണ്ടും വര്‍ദ്ധിക്കും.
കേവലം 55.3 ശതമാനം ഡോക്ടര്‍മാരുടെ പിന്തുണയില്‍ ബാലറ്റ് നേടിയ ശേഷമാണ് ബിഎംഎ സമരപ്രഖ്യാപനങ്ങള്‍ നടത്തുന്നത്. ഇത് രണ്ടാം തവണയാണ് ലേബര്‍ ഗവണ്‍മെന്റിന്റെ കാലത്ത് പണിമുടക്ക് വരുന്നത്. ഭരണപക്ഷത്ത് ടോറികള്‍ ഇരിക്കുമ്പോള്‍ ഡോക്ടര്‍മാരുടെ സമരങ്ങളെ ന്യായീകരിച്ച ലേബര്‍ ഭരണം കൈവന്നതോടെയാണ് ഈ പണിമുടക്ക് അന്യായമായി അനുഭവപ്പെട്ട് തുടങ്ങിയത്.