
















ലേബര്‍ പാര്‍ട്ടിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഇന്‍കംടാക്‌സ് വര്‍ദ്ധിപ്പിക്കില്ലെന്നത്. എന്നാല്‍ വരും ബജറ്റലില്‍ ഈ വാഗ്ദാനം ലംഘിക്കാന്‍ റേച്ചല്‍ റീവ്‌സ് സജീവ ചര്‍ച്ച നടത്തുന്നതായാണ് റിപ്പോര്‍ട്ട്. പൊതുഖജനാവില്‍ നേരിടുന്ന 30 ബില്ല്യണ്‍ പൗണ്ടിന്റെ വിടവ് നികത്താന്‍ വിവിധ നികുതി റെയ്ഡുകളാണ് റീവ്‌സിന്റെ പദ്ധതിയിലുള്ളത്.
ഇതിലൊന്നാണ് ഇന്‍കം ടാക്‌സില്‍ 1 പെന്‍സ് കൂട്ടിച്ചേര്‍ക്കാനുള്ള ശശ്രമങ്ങള്‍. ഇതുവഴി എളുപ്പത്തില്‍ 8 ബില്ല്യണ്‍ പൗണ്ടിലേറെ ഖജനാവിലേക്ക് എത്തും. ഇതോടൊപ്പം ഉയര്‍ന്ന ടാക്‌സ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുകയോ, അധിക നികുതി നിരക്ക് ചേര്‍ക്കുകയോ ചെയ്യാനും ചാന്‍സലര്‍ സ്വപ്‌നം കാണുന്നു. ഈ നിരക്കുകള്‍ പ്രതിവര്‍ഷം 50,000 പൗണ്ടും, 125,000 പൗണ്ട് വരെയുള്ളവരെയാണ് ബാധിക്കുക.
ഇതിന് പുറമെ പുതിയ ഗ്രീന്‍ ടാക്‌സ് ഏര്‍പ്പെടുത്തി ഹോളിഡേ യാത്രക്കായി വിമാനം പിടിക്കുന്നവരെ പിഴിയാനും ചാന്‍സലര്‍ തയ്യാറായേക്കും. ഇന്‍കം ടാക്‌സ് ഇക്കുറി വര്‍ദ്ധിപ്പിച്ചാല്‍ ഈ പാര്‍ലമെന്റിന്റെ വരും ദിവസങ്ങളില്‍ കൂടുതല്‍ നികുതി പിടിച്ചെടുക്കുന്നത് ഒഴിവാക്കാന്‍ കഴിയുമെന്നാണ് ട്രഷറിയുടെ വിശ്വാസം.
ഇന്‍കംടാക്‌സ് നിരക്ക് വര്‍ദ്ധിപ്പിച്ചാല്‍ ലേബര്‍ പ്രകടനപത്രികയിലെ സുപ്രധാന വാഗ്ദാനത്തിന്റെ ലംഘനമായി ഇത് മാറും. കഴിഞ്ഞ വര്‍ഷത്തെ ബജറ്റിലാണ് വാക്കുതെറ്റിച്ച് നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധിപ്പിച്ചത്. വീണ്ടും വാഗ്ദാന ലംഘനം നടത്തുമ്പോള്‍ അത് രാഷ്ട്രീയ തിരിച്ചടിക്ക് കാരണമാകുമെന്ന് ചാന്‍സലര്‍ ആശങ്കപ്പെടുന്നു.