
















ചെങ്കോട്ട ചാവേര്‍ സ്‌ഫോടനം നടത്തിയ ഉമര്‍ നബിയുടെ ഒരു മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘം കണ്ടെത്തി. ആകെ രണ്ട് മൊബൈല്‍ ഫോണ്‍ ഇയാളുടെ പേരിലുണ്ടെന്നാണ് നിഗമനം. കശ്മീര്‍ താഴ്വരയിലെ ഒരു നദിയില്‍ നിന്നാണ് മൊബൈല്‍ ഫോണ്‍ വീണ്ടെടുത്തത്. കഴിഞ്ഞ മാസം അവസാനം ഉമര്‍ നബി വീട്ടിലെത്തിയിരുന്നു. ചെങ്കോട്ട സ്‌ഫോടനത്തിന് ദിവസങ്ങള്‍ക്കു മുമ്പുള്ള ഈ സന്ദര്‍ശനത്തില്‍ ഉമര്‍ നബി മൊബൈല്‍ ഫോണ്‍ സഹോദരന് നല്‍കി.
സ്‌ഫോടനത്തിന് ശേഷം ഉമറിന്റെ സഹോദരങ്ങളായ സഹൂര്‍ ഇല്ലാഹി, ആഷിഖ് ഹുസൈന്‍ എന്നിവരെ പൊലീസ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇല്ലാഹിയാണ് മൊബൈല്‍ ഉപേക്ഷിച്ച നദിയിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചത്. ഫോറന്‍സിക് സംഘത്തിന്റെ സഹായത്തോടെയാണ് വിവരങ്ങള്‍ വീണ്ടെടുത്തത്. ഈ മൊബൈല്‍ ഫോണിലെ വീഡിയോയാണ് ഇന്നലെ പുറത്തുവന്നത്.