
















സ്‌കൂള്‍ കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് ചാടി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. ചൊവ്വാഴ്ച ഹൈദരാബാദിലെ ഹബ്സിഗുഡ പ്രദേശത്തെ കാര്യ സ്‌കൂളിലായിരുന്നു സംഭവം.പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് മാതാപിതാക്കള്‍ ശാസിച്ചതില്‍ കുട്ടി അസ്വസ്ഥയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് സ്ഥലത്തെത്തി മ്യതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി സെക്കന്തരാബാദിലെ ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംഭവത്തെക്കുറിച്ച് എഐഎംഐഎം പ്രസിഡന്റും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഒവൈസി ടിഎംആര്‍ഇഎസ് വൈസ് ചെയര്‍മാന്‍ ഫഹീം ഖുറേഷിയുമായി സംസാരിച്ചു.സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുട്ടിയുടെ കുടുംബത്തിന് സര്‍ക്കാര്‍ സാമ്പത്തിക സഹായവും എല്ലാ പിന്തുണയും നല്‍കണമെന്നും എംപി ആവശ്യപ്പെട്ടു. കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് ഒവൈസി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
തെലങ്കാനയില്‍ അടുത്തിടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ സംഭവമാണിത്.തിങ്കളാഴ്ച നിസാമാബാദ് ജില്ലയിലെ ചന്ദ്രരിലുള്ള തെലങ്കാന മൈനോറിറ്റി റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തിരുന്നു. മുറിയിലെ ഇരുമ്പ് വടിയില്‍ ബെഡ്ഷീറ്റ് കുരുക്കി തൂങ്ങിയ നിലയിലായിരുന്നു വിദ്യാര്‍ത്ഥിയുടെ മൃതദേഹം. ഈ സംഭവത്തിലും അന്വേഷണം നടക്കുകയാണ്.