
















ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനക്കേസിലെ മുഖ്യപ്രതി ഡോ ഉമര്‍ നബി ബോംബ് നിര്‍മ്മാണ സാമഗ്രികള്‍ എപ്പോഴും കൂടെ കൊണ്ട് നടന്നിരുന്നതായി എന്‍ഐഎയ്ക്ക് മൊഴി ലഭിച്ചു. ഐ 20 കാറില്‍ എപ്പോഴും ഒരു സ്യൂട്ട്‌കേസ് കൊണ്ട് നടന്നിരുന്നു അതില്‍ പാതി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ബോംബ് എപ്പോഴും സൂക്ഷിച്ചിരുന്നു. ബോംബ് നിര്‍മ്മാണത്തിനായി നെയില്‍ പോളിഷ് റിമൂവര്‍,പൊടിച്ച പഞ്ചസാര എന്നിവ ഉപയോഗിച്ചതായും സൂചനയുണ്ട്. കശ്മീരില്‍ വന്‍ ആക്രമണപദ്ധതി സംഘം തയ്യാറാക്കിയിരുന്നുവെന്നും എന്‍ഐഎയ്ക്ക് വിവരം ലഭിച്ചു.
വൈറ്റ് കോളര്‍ സംഘത്തിന്റെ അമീര്‍ ആണ് താനെന്ന് ഉമര്‍ ഉന്‍ നബി സ്വയം വിശേഷിപ്പിച്ചിരുന്നത്. ഹരിയാനയില്‍ നിന്ന് ഇവര്‍ ശേഖരിച്ച സ്‌ഫോടക വസ്തുക്കള്‍ കാശ്മീരിലേക്ക് കടത്താന്‍ പദ്ധതി ഇട്ടിരുന്നുവെങ്കിലും അത് സാധ്യമായില്ലെന്നും മൊഴിയില്‍ പറയുന്നു.
ഭീകരന്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തിനു പ്രതികാരം ചെയ്യാനായിരുന്നു ഗൂഢ പദ്ധതി. ജെയ്‌ഷെ ഭീകരരുടെ നിര്‍ദേശപ്രകാരമായിരുന്നു ഇയാള്‍ ഡല്‍ഹിയില്‍ സ്‌ഫോടനം നടത്തിയിരുന്നത്. അതേസമയം, ഡല്‍ഹി ചാവേര്‍ ആക്രമണത്തിന് പിന്നില്‍ അഫ്ഘാനിസ്ഥാന്‍- പാക് അധീന കശ്മീര്‍ എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ച ജെയ്‌ഷെ ശൃംഖല എന്ന് കണ്ടെത്തിയിരുന്നു.
ആക്രമണത്തിന് നിര്‍ദേശം നല്‍കിയത് ഫൈസല്‍ ഇഷ്ഫാഖ് ഭട്ട്, ഡോ. ഉകാസ, ഹാഷിം എന്നിവരായിരുന്നു. ചാവേര്‍ ആക്രമണത്തിന് മുന്‍പായി ഡോ ഉമര്‍ നബി ആശയവിനിമയം നടത്തിയത് ഇവരുമായാണ് എന്നാണ് വിവരം. ഫര്‍സന്ദന്‍-ഇ-ദാറുല്‍ ഉലൂം ദിയോബന്ദ്'', ''കാഫില-ഇ-ഗുര്‍ബ'' എന്നീ ടെലഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് ഹിസ്ബുള്‍ ഭീകരര്‍ വൈറ്റ് കോളര്‍ സംഘവുമായി ആശയവിനിമയം നടത്തിയിരുന്നത്. ഭീകര ബന്ധം കണ്ടെത്തിയവരുടെ ബാങ്ക് അക്കൗണ്ടുകള്‍ എന്‍ ഐ എ മരവിപ്പിക്കുകയും ചെയ്തിരുന്നു.