
















തൃശൂര്‍ വരന്തരപ്പിള്ളി മാട്ടുമലയില്‍ ഗര്‍ഭിണിയായ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനും എതിരെ കേസ്. മാട്ടുമല മാക്കോത്ത് വീട്ടില്‍ ഷാരോണിനും മാതാവ് രജനിക്കുമെതിരെ പ്രേരണ കുറ്റം ചുമത്തിയാണ് വരന്തിരപ്പിള്ളി പൊലീസ് കേസെടുത്തത്. മരിച്ച അര്‍ച്ചനയുടെ മാതാപിതാക്കളുടെ പരാതിയിലാണ് നടപടി.
യുവതിയെ തുടര്‍ച്ചയായി മര്‍ദിക്കുമായിരുന്നുവെന്ന് കുടുംബ ആരോപിച്ചു. യുവതി പഠിക്കുന്ന കോളജില്‍ എത്തി അവിടെവെച്ച് മര്‍ദിച്ചിരുന്നു. മര്‍ദനം കണ്ട സെക്യൂരിറ്റി ജീവനക്കാരന്‍ യുവതിയുടെ വീട്ടില്‍ വിവരം അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ആറ് മാസം മുന്‍പാണ് അര്‍ച്ചനയും ഷാരോണും പ്രണയിച്ച് വിവാഹം കഴിച്ചത്. ഇതിന് ശേഷം വീട്ടുകാരുമായി ബന്ധപ്പെടാന്‍ അര്‍ച്ചനയെ ഷാരോണ്‍ അനുവദിച്ചിരുന്നില്ലെന്ന് കുടുംബം പറയുന്നു.
തീ കൊളുത്തി മരിച്ച നിലയിലാണ് അര്‍ച്ചനയെ കണ്ടെത്തിയത്. നാലുമണിയോടെ വീടിന് പുറകിലെ കോണ്‍ക്രീറ്റ് കാനയിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിനുള്ളില്‍വെച്ച് തീ കൊളുത്തിയ ശേഷം പുറത്തേക്ക് ഓടിയതാകാമെന്നാണ് സംശയം. ഷാരോണിന്റെ അമ്മയാണ് അര്‍ച്ചനയെ മരിച്ച നിലയില്‍ കണ്ടത്.