
















ലൈംഗിക പീഡന പരാതിയില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയുടെ മൊഴിയുടെ വിവരങ്ങള്‍ പുറത്ത്. രാഹുല്‍ ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തുകയായിരുന്നു. സുഹൃത്ത് വഴിയാണ് ഗുളിക എത്തിച്ചു നല്‍കിയത് , യുവതി മരുന്ന് കഴിച്ചെന്ന് രാഹുല്‍ വീഡിയോ കോളിലൂടെ ഉറപ്പാക്കുകയും ചെയ്തുവെന്നാണ് ഗുരുതരമായ ആരോപണം.20 പേജ് വരുന്ന മൊഴിയാണ് യുവതി പൊലീസിന് നല്‍കിയത്. താന്‍ നേരിട്ട് ദുരനുഭവം കോണ്‍ഗ്രസിലെ ചില യുവ നേതാക്കളെ അറിയിച്ചിരുന്നതായും യുവതി മൊഴിയില്‍ പറഞ്ഞിട്ടുണ്ട്. ഇന്നലെ അഞ്ചര മണിക്കൂറുകളോളം മൊഴിയെടുക്കല്‍ നീണ്ടുപോയിരുന്നു. ഇന്നലെ രാത്രിയോടെയാണ് റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ പരാതിക്കാരിയായ യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പിന്നീട് നേമം പൊലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറുകയായിരുന്നു. അറസ്റ്റ് ഉണ്ടാകുമെന്ന സൂചനയെത്തുടര്‍ന്ന് രാഹുല്‍ പാലക്കാട് വിട്ടെന്നാണ് സൂചന. എംഎല്‍എ തമിഴ്‌നാട്ടിലേക്ക് കടന്നുവെന്നും സൂചനയുണ്ട്. രാഹുലിന്റെ മൂന്ന് നമ്പറും രണ്ട് സഹായികളുടെ നമ്പറും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കുന്നതിന്റെ ഭാഗമായി കൊച്ചിയിലെ അഭിഭാഷകരുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ ഫോണില്‍ സംസാരിച്ചെന്നും വിവരങ്ങളുണ്ട്. ഇന്നലെ എംഎല്‍എയ്ക്ക് വേണ്ടി അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പീഡന പരാതി നാടകമാണെന്നും വാട്‌സാപ്പ് ചാറ്റ് രാഹുലിന്റേതാണെന്ന് എന്താണ് ഉറപ്പെന്നും അഭിഭാഷകന്‍ ചോദിച്ചു. പിന്നില്‍ രാഷ്ട്രീയ താത്പര്യങ്ങളാണെന്നും ജോര്‍ജ് പൂന്തോട്ടം പ്രതികരിക്കുകയുണ്ടായി.
അതേസമയം. അറസ്റ്റുണ്ടാകുമെന്ന ഭയത്തെത്തുടര്‍ന്ന് എംഎല്‍എ തമിഴ്‌നാട്ടിലേക്ക് കടന്നുവെന്നാണ് സൂചന. അടൂരിലുള്ള വീട്ടിലും ഇതുവരെ രാഹുല്‍ എത്തിയിട്ടില്ല. പ്രതിഷേധം കണക്കിലെടുത്ത് പൊലീസ് വീട്ടില്‍ സുരക്ഷയൊരുക്കിയിരിക്കുകയാണ്. ഇന്നലെ വൈകിട്ടാണ് യുവതി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി പരാതികളും തെളിവുകളും കൈമാറിയത്. വാട്‌സ്ആപ്പ് ചാറ്റുകള്‍ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകളും മെഡിക്കല്‍ രേഖകളും യുവതി കൈമാറിയിട്ടുണ്ട്.