
















ലൈംഗിക പീഡന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ഇന്ന് നിര്‍ണായകം. യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം നടത്തുകയും ചെയ്തെന്ന കേസില്‍ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കും.
അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണമെന്നും തനിക്കെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും രാഹുലിന്റെ അഭിഭാഷകന്‍ ഹര്‍ജിയില്‍ പറയുന്നുണ്ട്. ജാമ്യാപേക്ഷയിലെ വാദം അടച്ചിട്ടമുറിയില്‍ വേണമെന്ന് പ്രോസിക്യൂഷനും ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിക്കാരിക്കെതിരെ സീല്‍വെച്ച കവറില്‍ രാഹുല്‍ ഡിജിറ്റല്‍ തെളിവുകളും കോടതിക്ക് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ഗര്‍ഭച്ഛിദ്രം നടത്തിയത് യുവതിയുടെ താല്പര്യപ്രകാരമാണെന്നടക്കം തെളിയിക്കുന്ന രേഖകളാണ് ഇതിലെന്നായിരുന്നു പുറത്തുവന്ന വിവരം.
രാഹുലിനെ പ്രതിരോധത്തിലാക്കുന്നതാണ് പരാതിക്കാരിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട്. വൈദ്യപരിശോധനയില്‍ യുവതിയുടെ ശരീരത്തില്‍ പഴക്കമുള്ള മുറിവുകള്‍ കണ്ടെത്തിയതായാണ് ഡോക്ടറുടെ റിപ്പോര്‍ട്ട്. വൈദ്യപരിശോധനാ റിപ്പോര്‍ട്ടിലാണ് നിര്‍ണായക വിവരം. മുറിവുകള്‍ ബലാത്സംഗത്തിനിടെ ഉണ്ടായതെന്നാണ് നിഗമനം. യുവതിയുടെ മൊഴിയും ഇത് ശരിവെയ്ക്കുന്നുണ്ട്. ഈ റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും