
















കാര്‍ത്തിക് ആര്യന്‍, അനന്യ പാണ്ഡെ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സമീര്‍ സഞ്ജയ് വിദ്വാന്‍സ് ഒരുക്കുന്ന റൊമാന്റിക് ചിത്രമാണ് 'തു മേരി തു മേരി മേന്‍ തേരാ മൈന്‍ തേരാ തു മേരി'. സിനിമയിലെ ഗാനങ്ങള്‍ക്ക് എല്ലാം മികച്ച പ്രതികരണങ്ങളാണ് വരുന്നത്. ഡിസംബര്‍ 25 ന് ക്രിസ്മസ് റിലീസായിട്ടാണ് ചിത്രം പുറത്തിറങ്ങുന്നത്. ഇപ്പോഴിതാ സിനിമയുടെ ബുക്കിംഗ് ക്രമാതീതമായി കൂട്ടിനായി സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെ കോര്‍പ്പറേറ്റ് ബുക്കിംഗ് നടത്തുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
കളക്ഷന്‍ പെരുപ്പിച്ച് കാണിക്കാനായി സിനിമയുടെ നിര്‍മാതാക്കള്‍ തന്നെ ടിക്കറ്റുകള്‍ ബള്‍ക്ക് ആയി ബുക്ക് ചെയ്യുകയും അത് യൂണിവേഴ്‌സിറ്റികളിലേക്കും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലേക്കും ഓഫീസുകളിലേക്കും ഫ്രീ ആയി വിതരണം ചെയ്യുകയും ചെയ്യും. ഇതുവഴി സിനിമയുടെ കളക്ഷന്‍ കൂടുന്നതായി കാണിക്കും. ബോളിവുഡിലെ പല സിനിമകള്‍ക്കും പല നിര്‍മാണ കമ്പനികളും ഇത് ചെയ്യാറുണ്ട്. ഇപ്പോഴിതാ കാര്‍ത്തിക് ആര്യന്‍ ചിത്രത്തിനും നിര്‍മാതാക്കള്‍ ഇത്തരം പ്രവര്‍ത്തി ആവര്‍ത്തിക്കുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ടിക്കറ്റുകള്‍ ഫ്രീ ആയി നല്‍കാം എന്നതിന്റെ ഇമെയിലുകള്‍ ചിലര്‍ എക്‌സിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ധനുഷിനെ നായകനാക്കി ആനന്ദ് എല്‍ റായ് ഒരുക്കിയ തേരെ ഇഷ്‌ക് മേം എന്ന ചിത്രം ആദ്യ ദിനം 15 കോടി നേടിക്കൊണ്ട് മികച്ച ഓപ്പണിങ് നേടിയിരുന്നു. ഈ സിനിമയുടെ ആദ്യ ദിന കളക്ഷനെ മറികടക്കാനായിട്ടാണ് കാര്‍ത്തിക് ആര്യന്‍ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ കോര്‍പ്പറേറ്റ് ബുക്കിങ്ങിലൂടെ കളക്ഷന്‍ പെരുപ്പിച്ച് കാണിക്കുന്നത് എന്നാണ് ചിലര്‍ എക്‌സില്‍ കുറിക്കുന്നത്.