
















അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന സര്‍വ്വം മായ വലിയ പ്രതീക്ഷകളോടെ സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന സിനിമയാണ്. ചിത്രം നിവിന്‍ പോളിയുടെ കംബാക്ക് ആകുമെന്നാണ് ആരാധകരുടെ പ്രതീക്ഷകള്‍. ഹൊറര്‍ കോമഡി മൂഡിലാണ് സിനിമ ഒരുങ്ങുന്നത്. പ്രേത സിനിമകള്‍ കാണാന്‍ പേടിയുള്ള കൂട്ടത്തിലാണ് താനും അഖില്‍ സത്യനെന്നും പറയുകയാണ് നിവിന്‍ പോളി. ഞങ്ങള്‍ ചെയ്യുന്ന പ്രേതസിനിമ കണ്ട് ഞങ്ങള്‍ തന്നെ പേടിക്കരുതെന്ന തീരുമാനം ആദ്യം തന്നെ എടുത്തിരുന്നുവെന്നും നിവിന്‍ പോളി പറഞ്ഞു.
'ഞാനും അഖിലും പ്രേത സിനിമകള്‍ കാണാന്‍ പേടിയുള്ള കൂട്ടത്തിലാണ്. ഞങ്ങള്‍ ഒരുമിച്ച് ചെയ്യുന്ന പ്രേതസിനിമ കണ്ട് ഞങ്ങള്‍ പേടിക്കരുതെന്ന തീരുമാനം ആദ്യംതന്നെ എടുത്തിരുന്നു. കുടുംബസമേതം തിയേറ്ററില്‍ പോയി കാണാവുന്ന കോമഡി ഹൊറര്‍ ചിത്രമാണ് സര്‍വ്വം മായ. ഹൊറര്‍, പ്രേതം എന്നെല്ലാം കേള്‍ക്കുമ്പോള്‍ കുട്ടികള്‍ക്കെല്ലാം തിയേറ്ററിലേക്ക് ഇറങ്ങാന്‍ പേടിയായിരിക്കും.
എന്നാല്‍ സര്‍വ്വം മായ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ രസിപ്പിക്കുന്ന കഥയാണ് സിനിമയുടേത്. നിവിനില്‍ നിന്ന് ഹാപ്പി മുഡിലുള്ള ഫില്‍ഗുഡ് പടങ്ങള്‍ വരുന്നില്ലെന്നും സീരിയസ് വേഷങ്ങളിലേക്ക് അയാള്‍ മാറുന്നു എന്നെല്ലാമുള്ള അടക്കം പറച്ചിലുകള്‍ അടുത്തകാലത്തായി കുറെ കേട്ടിട്ടുണ്ട്. അത്തരം പരാമര്‍ശങ്ങള്‍ക്കെല്ലാമുള്ള ചിരിയില്‍പൊതിഞ്ഞ മറുപടിയാകും സര്‍വ്വം മായ; നിവിന്‍ പോളി പറഞ്ഞു.