
















ധ്യാന്‍ ശ്രീനിവാസന്റെ അഭിമുഖങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എപ്പോഴും വൈറലാണ്. ഇപ്പോഴിതാ നടന്റെ അത്തരത്തില്‍ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ് ആകുന്നത്. കൊട്ടാരക്കരയില്‍ ഒരു ഉദ്ഘാടനത്തിനായി നവ്യ നായര്‍ക്കൊപ്പം എത്തിയപ്പോള്‍ നടിയെക്കുറിച്ച് ധ്യാന്‍ പറഞ്ഞ വാക്കുകള്‍ ആണ് ചിരിപടര്‍ത്തുന്നത്.
'മെസിയെ കാണാന്‍ വേണ്ടി ഒരു അവസരം ഉണ്ടാക്കി തരാം എന്ന് കൂട്ടുകാരില്‍ ഒരാള്‍ പറഞ്ഞിരുന്നു. അപ്പോള്‍ ഞാന്‍ വരുന്നില്ല എന്ന് പറഞ്ഞു. അവന്‍ എന്നോട് മെസിയെക്കാള്‍ വലുതാണോ നവ്യ എന്ന് ചോദിച്ചു. അതെ എന്ന് ഞാന്‍ പറഞ്ഞു. കാരണം ഞാന്‍ ഇവിടെ വേദി പങ്കിടുന്നത് മലയാള സിനിമയിലെ ഗോട്ടുമായിട്ടാണ്. ചെറിയ ശ്രീനിയും വലിയ ലോകവും എന്ന് പറഞ്ഞ അച്ഛന്റെ ഒരു പഴയ ഇന്റര്‍വ്യൂ ഉണ്ട്. ആ അഭിമുഖത്തിലൂടെയാണ് എന്റെ ഇന്റര്‍വ്യൂ കരിയര്‍ ആരംഭിക്കുന്നത്.
ആ ഇന്റര്‍വ്യൂവില്‍ ഒരു വാക്ക് ഞാന്‍ പറഞ്ഞിരുന്നു. അന്ന് ഞാന്‍ കല്യാണം കഴിക്കാന്‍ ആഗ്രഹിച്ച ആളാണ് നവ്യ നായര്‍. അന്നത്തെകാലത്ത് മീര ജാസ്മിന്‍, കാവ്യാ മാധവന്‍, നവ്യ നായര്‍- ഇവരില്‍ മൂന്നുപേരില്‍ ഒരാളെ കല്യാണം കഴിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. പക്ഷെ അത് നടന്നില്ല. ഈ വേദിയില്‍ നില്‍ക്കുമ്പോള്‍ മെസിയെക്കാളും വലുത് നവ്യയാണ്', ധ്യാന്റെ വാക്കുകള്‍. ഇതെല്ലാം കേട്ടുകൊണ്ട് ചിരിച്ചുകൊണ്ട് നില്‍ക്കുന്ന നവ്യ നായരെയും വീഡിയോയില്‍ കാണാം.
നവ്യ നായരെ വിവാഹം ചെയ്യണം എന്ന് ധ്യാന്‍ പറയുന്ന ഒരു പഴയ വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ശ്രീനിവാസനും കുടുംബവും ഒന്നിച്ചെത്തിയ അഭിമുഖത്തിലായിരുന്നു ധ്യാനിന്റെ തുറന്നുപറച്ചില്‍. ഇഷ്ട നായികമാരെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ധ്യാന്‍ നവ്യ നായരെക്കുറിച്ച് പറഞ്ഞത്. നവ്യ നായരെ ഇഷ്ടമായിരുന്നു നവ്യയെ വിവാഹം ചെയ്യാനും ആഗ്രഹിച്ചിരുന്നുവെന്ന് നിഷ്‌കളങ്കനായി പറയുന്ന ധ്യാന്‍ ശ്രീനിവാസനെയാണ് വീഡിയോയില്‍ കാണുന്നത്. ധ്യാനിന്റെ ഈ വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്.