
















എന്‍എച്ച്എസ് ആശുപത്രികളില്‍ രോഗികള്‍ക്ക് ഇടനാഴികളിലും, ഓഫീസിലും വരെ കാത്തുകെട്ടി കിടക്കുകയും, ചികിത്സ നല്‍കുകയും ചെയ്യുന്നത് സംബന്ധിച്ച് ഏറെ നാളായി ആശങ്കകള്‍ പടരുന്നുണ്ട്. ഡോക്ടര്‍മാരും, നഴ്‌സുമാരും ഇത് സംബന്ധിച്ച മുന്നറിയിപ്പുകള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഗവണ്‍മെന്റ് ഇടപെടല്‍ ഇക്കാര്യത്തില്‍ കാര്യമായി ഉണ്ടായിട്ടില്ലെന്നതിന് ഏറ്റവും പുതിയ തെളിവായി മാറുകയാണ് കോറിഡോറുകളിലെ 'സൗകര്യം' ഒരുക്കല്‍!
കോറിഡോറില്‍ ചികിത്സ നല്‍കുന്നതിന്റെ ഭാഗമായി എന്‍എച്ച്എസ് ആശുപത്രികള്‍ ഇവിടെ പ്ലഗ് സോക്കറ്റും, കോള്‍ ബെല്ലുകളും സ്ഥാപിക്കുന്നതായാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. ഈ ഇടങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കാതെ വന്നതോടെയാണ് സംവിധാനങ്ങള്‍ ലഭ്യമാക്കിയതെന്ന് സീനിയര്‍ ജീവനക്കാര്‍ ഹെല്‍ത്ത് സര്‍വ്വീസസ് സേഫ്റ്റി ഇന്‍വെസ്റ്റിഗേഷന്‍ ബോഡിയോട് പറഞ്ഞു.
ഇതോടെ കോറിഡോറും, ഓഫീസും, സ്റ്റോര്‍ റൂം ഉള്‍പ്പെടെ താല്‍ക്കാലിക ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റുന്നുവെന്ന തത്വം ദേശീയ തലത്തില്‍ തന്നെ സാധാരണ കാര്യമായി മാറിയെന്ന് ഹെല്‍ത്ത് & സേഫ്റ്റി വാച്ച്‌ഡോഗ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2025 ആഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ 13 ആശുപത്രികള്‍ സന്ദര്‍ശിച്ചാണ് എച്ച്എസ്എസ്‌ഐബി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
തങ്ങള്‍ നിരീക്ഷിച്ച കേസുകളില്‍ കോറിഡോര്‍ കെയര്‍ പതിവായി ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി. ചില ആശുപത്രികളില്‍ ഇടനാഴികളില്‍ എമര്‍ജന്‍സി കോള്‍ ബെല്ലും, പ്ലഗ് സോക്കറ്റും, പേഷ്യന്റ് കോള്‍ ബെല്ലും, കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളും വരെ സ്ഥാപിച്ചിട്ടുണ്ട്. ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യങ്ങള്‍ നേരിടുന്നതിനാലാണ് ഇതെല്ലാം വേണ്ടിവന്നതെന്ന് ആശുപത്രികളിലെ സീനിയര്‍ ജീവനക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.