
















മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാന അപകടത്തില്‍ അന്വേഷണം തുടരുന്നു. അന്വേഷണ സംഘം ദില്ലിയിലെ വിഎസ്ആര്‍ വിമാനക്കമ്പനി അധികൃതരെ ചോദ്യം ചെയ്തു. ദില്ലി മഹിപാല്‍പൂരിലെ ഓഫീസിലെ ജീവനക്കാരെയാണ് ചോദ്യം ചെയ്തത്. വിഎസ്ആര്‍ കമ്പനി ഓഫീസില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയും ചെയ്തു. രോഹിത് സിങ്, വിജയ കുമാര്‍ സിങ് എന്നിവരാണ് കമ്പനി ഡയറക്ടര്‍മാര്‍. കമ്പനി വിവിധ നഗരങ്ങളിലായി 18 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇന്നലെയാണ് മുംബൈയില്‍ നിന്നും ബാരാമതിയിലേക്കുള്ള യാത്രക്കിടെ വിമാനം തകര്‍ന്നുവീണ് അജിത് കുമാറും വിമാനത്തിലുണ്ടായിരുന്നവരും കൊല്ലപ്പെടുന്നത്.
അതേസമയം, ബാരാമതിയിലെ അപകട സ്ഥലത്ത് ഇന്നും പരിശോധന തുടരും. ഇന്നലെ ഫോറന്‍സിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് വൈകുന്നേരം സമര്‍പ്പിച്ചേക്കും. അജിത് പവാറിന്റെ സംസ്‌കാരം ഇന്ന് ബാരാമതിയില്‍ നടക്കും. അജിത് പവാറിന്റെ ഭൗതിക ശരീരം കത്തേവാഡിയിലെ വീട്ടിലെത്തിക്കും. ഇവിടെ ഒരു മണിക്കൂര്‍ പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് ഇവിടെ നിന്ന് വിലാപയാത്രയായി സംസ്‌കാര ചടങ്ങുകള്‍ നടക്കുന്ന വിദ്യാ പ്രതിഷ്ഠാന്‍ കോളേജില്‍ എത്തിക്കും. രാവിലെ 11നാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.