
















മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ കൊല്ലപ്പെട്ട അപകടത്തില്‍ വിമാനം പറത്തിയ സഹ പൈലറ്റിന്റെ അവസാന സന്ദേശം തന്റെ മുത്തശ്ശിക്ക്. 25 കാരിയായ സാംഭവി പഥക് ഗ്വാളിയാറില്‍ താമസിക്കുന്ന തന്റെ മുത്തശ്ശി മീര പഥക്കിന് അപകടമുണ്ടാകുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഗുഡ് മോര്‍ണിങ് എന്ന സന്ദേശം അയച്ചിരുന്നു.
അപകടത്തില്‍പ്പെട്ട വിഎസ്ആര്‍ ലിയര്‍ 45 ചെറുവിമാനത്തില്‍ ക്യാപ്റ്റന്‍ സുമിത് കപൂറിന്റെ സഹ പൈലറ്റായിരുന്നു സാംഭവി. എയര്‍ഫോഴ്സ് ബാല്‍ ഭാരതി സ്‌കൂളിലെ പൂര്‍വവിദ്യാര്‍ത്ഥിയാണ്. അവിടെനിന്നും 2016നും 2018നും ഇടയില്‍ സാംഭവി സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ന്യൂസിലാന്‍ഡ് ഇന്റര്‍നാഷണല്‍ കൊമേഴ്ഷ്യല്‍ പൈലറ്റ് അക്കാദമിയില്‍ കൊമേഴ്ഷ്യല്‍ പൈലറ്റും ഫ്ളൈറ്റ് ക്രൂ പരിശീലനവും നേടിയതായാണ് വിവരം. മുംബൈ സര്‍വകലാശാലയില്‍നിന്ന് എയറോനോട്ടിക്സ്, ഏവിയേഷന്‍, എയ്റോസ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജി എന്നിവയില്‍ ബിരുദവും സ്വന്തമാക്കിയതായി പ്രൊഫൈലുകളില്‍ പറയുന്നുണ്ട്.
25 വയസിനിടെ ഡല്‍ഹി, ലണ്ടന്‍, റഷ്യ എന്നിവിടങ്ങളിലേക്ക് സാംഭവി വിമാനം പറത്തിയിരുന്നതായി മുത്തശ്ശി പറഞ്ഞു. സാധാരണയായി സാംഭവി മെസേജുകള്‍ അയക്കാറില്ല. എന്നാല്‍ ഗുഡ് മോണിംങ് എന്ന അവളുടെ സന്ദേശം തന്നെ അമ്പരപ്പിച്ചുവെന്നും പിന്നാലെയാണ് അപകടവിവരം അറിയുന്നതെന്നും മീര പഥക് പറഞ്ഞു. മീരയുടെ മൂത്ത മകന്റെ മകളാണ് സാംഭവി. 2025 ഒക്ടോബറിലാണ് സാംഭവി അവസാനമായി ഗ്വാളിയാറിലെ കുടുംബവീട്ടില്‍ എത്തിയത്.
ഇന്നലെ രാവിലെ ബാരാമതിയിലുണ്ടായ വിമാനാപകടത്തിലാണ് അജിത് പവാറിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ വിദിപ് ജാദവ്, പൈലറ്റുമാരായ സുമിത് കപൂര്‍, സാംഭവി പഥക്, ഫ്‌ളൈറ്റ് അസിസ്റ്റന്റ് പിങ്കി മാലി എന്നിവര്‍ കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ 8 മണിയോടെ മുംബൈയില്‍നിന്നും പുറപ്പെട്ട ലിയര്‍ ജെറ്റ് 45എന്ന വിമാനം ബാരാമതിയിലെ എയര്‍സ്ട്രിപ്പില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കവെ തെന്നിമാറി കത്തിയമരുകയായിരുന്നു. ഏകദേശം 8.45 നായിരുന്നു അപകടം. സംഭവത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം തുടരുകയാണ്. ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. അപകടത്തിന് പിന്നാലെ വ്യോമസേനയുടെ വിദഗ്ധ സംഘം ബാരാമതിയില്‍ എത്തി പരിശോധന നടത്തി. അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിന് കാരണമായത് മോശം കാലാവസ്ഥ എന്ന സൂചനയും പുറത്ത് വരുന്നുണ്ട്. ലാന്‍ഡിങ്ങിന് മുന്നോടിയായി ദൂരകാഴ്ച മങ്ങുന്നതായി പൈലറ്റ് അറിയിച്ചതായാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തത്.